Jul 28, 2008

സ്ഫോടനവാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഞാനവനെ ഓര്‍ക്കുന്നു...!!!

അവന്‍ ചെറുപ്പത്തിലേ അങ്ങനെയായിരുന്നു. പെട്ടെന്ന് ക്ഷോഭിക്കും, നിയന്ത്രണം വിട്ടു വൈകാരികമായി പ്രവര്‍ത്തിക്കും, കയ്യില്‍ കിട്ടിയതൊക്കെ എടുത്തെറിയും. അതിനുള്ള ശിക്ഷ അന്ന് തന്നെ അവന്റെ ഉപ്പ നടപ്പാക്കും. കൈ രണ്ടും പിന്നില്‍ കെട്ടി അടുത്തുള്ള കുളത്തില്‍ കൊണ്ടുപോയി, മുടി പിടിച്ച് വെള്ളത്തില്‍ താഴ്ത്തും. ശ്വാസം മുട്ടി അവശനാകുമ്പോള്‍ കരയ്ക്ക്‌ കയറ്റി രണ്ടു പൂശു പൂശി റൂമിലിടും. ആരും കാണാതെ അവന് ഭക്ഷണം കൊണ്ടു കൊടുക്കുന്ന വല്ലിമ്മാനെ കണുമ്പോള്‍ മാത്രം അവന്റെ കണ്ണുകള്‍ നിറയും.

"മോനെന്തിനാ, വെറുതെ ...",

മറുപടിയൊന്നും പറയാതെ വല്ലിമ്മാന്റെ മുഖത്തേക്കു കുറെ നേരം അങ്ങിനെ നോക്കിയിരിക്കും.
നോര്‍മലയാല്‍ പുറത്തേക്കിറങ്ങി ആടുകള്‍ക്ക് പ്ലാവില പെറുക്കി തിന്നാന്‍ കൊടുക്കും. ആടുകളൊക്കെ അവന്റെ ചുറ്റും കൂടും. ഓരോരോ ആടിനെ പിടിച്ച് വച്ച് അവയുടെ കഴുത്തു തടവി കൊടുക്കും. അവ കുറെ നേരം അങ്ങനെ നിന്നു കൊടുക്കും. ചെറിയ ആട്ടിന്‍കുട്ടികള്‍ തല ചെരിച്ച് അവന്റെ മേല്‍ പതുക്കെ കുത്തി അവരുടെ സ്നേഹം തിരിച്ചും പ്രകടിപ്പിക്കും.

അവനെ കണ്ടാല്‍ അപ്പം കാളിത്തള്ളയ്ക്ക് വെറ്റില കിട്ടണം. മേലെ വീട്ടില്‍ പോയി ഇളം വെറ്റില പൊട്ടിച്ചു കൊടുന്നു കൊടുത്താ തള്ളയ്ക്ക് നല്ല സന്തോഷായി. തള്ളേടെ പെരക്കുട്ട്യോളെയൊന്നും അതിന്നു കിട്ടൂല്ല.

പക്ഷെ വൈകുന്നേരായാല്‍ വീട്ടില്‍ പരാതിക്കാര്‍ അങ്ങനെ വരും, ഓരോരോ കേസുകളുമായി. എന്തെങ്കിലൊക്കെ പ്രശ്നങ്ങളുണ്ടാക്കീട്ടുണ്ടാവും. ഉപ്പാന്റെ ശിക്ഷ അവരുടെ മുന്നില്‍ വച്ചു തന്നെ നടപ്പാക്കിയാ പരാതിക്കരോരുത്തരും സമാധാനത്തോടെ തിരിച്ചു പൊയ്ക്കൊള്ളും.

ശിക്ഷ മാത്രമല്ല, നല്ല തെറിയും, "പന്നീ, നശിച്ചു പൊയാ മതിയാരുന്നു, കഴുത ..." ഉമ്മേം തിരിഞ്ഞു നോക്കൂല, വല്ലിമ്മ മാത്രം ... ആ വൃദ്ധ മനസ്സിന് അതൊന്നും താങ്ങാന്‍ പറ്റ്ണില്ല.

"അതിനെ അടിച്ചങ്ങട്ടു കൊന്നേക്ക്, ന്നാ സമാധാനായിക്കൊള്ളും ...ഈ പ്രായത്തില്‍ നീയും ..."
"ഈ തള്ളയാണ് ചെക്കനെ ബെടക്കാക്ക്ന്നത് ..."

അവന്റെ കേള്‍ക്കെ മറ്റുള്ളരോട് പറയും, "മൂത്തോന്‍ ആളുഷാറാ, ഇതിന്റെ കാര്യത്തിലാ ..., ഓരോരോ വിധീ "

കാലം കഴിയുന്തോറും സ്വഭാവം കൂടുതല്‍ വഷളായിക്കൊണ്ടിരുന്നു. പുഴയുടെ വക്കത്തിരുന്നു കളിക്കുന്ന ചീട്ടുകളി സംഘത്തില്‍ കൂടി. കുടിയും വലിയും എല്ലാം പഠിച്ചു. ശിക്ഷകളൊന്നും ഫലിക്കുന്നില്ല. ശിക്ഷയെ കായികമായി പ്രതിരോധിക്കുവാനുള്ള കരുത്ത്‌ നേടിത്തുടങ്ങി. അവനോടു സ്നേഹത്തില്‍ പെരുമാറിയവരുടെ വാക്കുകള്‍ മാത്രം അവന്‍ കേട്ടിരിക്കും.

"നന്നാവണംന്നുണ്ട്, പക്ഷെ ..." ആ പക്ഷേകള്‍ക്ക് ശേഷമുള്ള വാക്കുകള്‍ ഒരിക്കലും മുഴുവനാക്കിയിട്ടില്ല, ഒരിക്കലും. പക്ഷേ, ആ വാക്കുകള്‍ ഞാന്‍ ഊഹിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തിരുന്നു. അതാണ് ഏത് മൂഡിലാണെങ്കിലും, എന്റെ മുന്നില്‍ തല താഴ്ത്തി നില്‍ക്കുന്നത്.

'സ്നേഹം അവന്നു കിട്ടിയിട്ടില്ല, അഭിമാനത്തിന്നു ക്ഷതം വരുത്തിയ ഒരു പാടനുഭവങ്ങളുണ്ട്. അവന്റെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്നു... ഒരു നിഷേധി . അല്ലെങ്കിലെന്തിനാ പെങ്ങളെ കാണാന്‍ വരുന്ന വിവരം അവനോടു പറയാതിരുന്നത്. ചെക്കന്റെ വീട്ടുകാരുടെ മുന്നില്‍ മുഖം കാണിക്കാതെ മാറി നില്‍ക്കേണ്ടി വന്നു. അവനെ മനസ്സറിഞ്ഞു സ്നേഹിക്കുന്ന പെങ്ങള്‍ക്ക് അവന്‍ കാരണം ഒരു പ്രശ്നം വരരുത്. മദ്രസ്സയില്‍ നിന്നെപ്പോലെയുള്ള അബൂജാഹിലുകളെ ശരിയാക്കാന്‍ ചൂരല്‍ കഷായത്തിനേ കഴിയൂ എന്ന് വിശ്വസിച്ച മുസ്ല്യാര്‍, ധിക്കാരിയും നിഷേധിയും പ്രവാചകന്റെ കൊടിയ ശത്രുവുമായിരുന്ന ഉമര്‍ പിന്നീട് സത്യവിശ്വാസം സ്വീകരിക്കാന്‍ ഹേതുവായ പ്രവാചക മാതൃകകള്‍ അവനെ പഠിപ്പിച്ചില്ല. സ്കൂളിലും രാധാകൃഷ്ണന്‍ മാഷിന് മാത്രമെ അവനെ മനസ്സിലാക്കന്‍ കഴിഞ്ഞൊള്ളൂ.'

***********************************

ബാബരീ മസ്ജിദ് തകര്‍ത്തപ്പോള്‍ പ്രധിഷേധ പ്രകടനങ്ങളില്‍ അവനും സുഹ്ര്‍ത്തുക്കളും പങ്കെടുത്തു. കടകളടപ്പിക്കാനും വാഹനങ്ങള്‍ തടയാനും നേതൃത്വം കൊടുത്തു. മുസ്ലീങ്ങളുടെ ശ്രത്രുക്കളെയൊന്നും വെറുതെ വിടരുതെന്ന് പറഞ്ഞു തുടങ്ങി.

പിന്നീട് അവനില്‍ കുറെ മാറ്റങ്ങള്‍ വന്നു തുടങ്ങി. നമസ്കാരങ്ങളില്‍ കൃത്യമായി പങ്കെടുക്കാന്‍ തുടങ്ങി. തമാശകളും ചിരിയും കുറഞ്ഞു. മുഖത്തെപ്പോഴും ഗൌരവം ... പതിരാത്രികളില്‍ അവനെ കൊണ്ടു പോകാന്‍ പലരും ബൈക്കില്‍ വന്നു. സംസാരങ്ങളില്‍ 'പ്രതിരോധം' എന്ന വാക്കുകള്‍ പലപ്പോഴും അധികരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. ഗുജറാത്തിലെ മുസ്ലിംഹത്ത്യയെ കുറിച്ചും, കാശ്മീരിനെ കുറിച്ചും, പലസ്തീനെ കുറിച്ചും വൈകാരികമായി സംസാരിച്ചു.

ആദ്യമായി എന്റെ വാക്കുകള്‍ അനുസരിക്കാതിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. ഞങ്ങള്‍ടെ വീട്ടില്‍ തേങ്ങയിടുന്ന ഗോപാലനെ കുറിച്ചും തേങ്ങ പെറുക്കി കൂട്ടാന്‍ വരുന്ന ദാസേട്ടനെയും മക്കളെയും കുറിച്ചു ഞാന്‍ അവനോടു പറയാറുണ്ട്. എല്ലാവരും ശാഖയിലും, കായിക പരിശീലത്തിനുമൊക്കെ പോവാറുണ്ട്. തേങ്ങയിടല്‍ കഴിഞ്ഞാല്‍ എന്റെ ഉമ്മ തരുന്ന പുട്ടും കടലയും സുലൈമാനിയും ഞങ്ങളെല്ലാവരും കൂടി നിലത്തിരുന്നു കഴിക്കും. ഗോപാലന്റെ മോള്‍ടെ കല്യാണ ദിവസം, മുഹൂര്‍ത്തത്തിനു മുമ്പായി ഉമ്മയുടെ അനുഗ്രഹം വാങ്ങിയതും അവനോടു പറഞ്ഞു. സൂക്ഷിക്കണമെന്നാണ് എന്നെ അവന്‍ ഉപദേശിച്ചത്. അതെ, ഇപ്പോള്‍ അവന്‍ എന്നെയാണ് ഉപദേശിക്കുന്നത് !!

ഭരണകൂടങ്ങളും കോടതികളുമെല്ലാം നമുക്കെതിരാണെന്ന് അവന്‍ വിശ്വസിക്കുന്നു. ഗുജറാത്തില്‍ എത്ത്രയെത്ത്ര സഹോദരങ്ങളെയാണ് ചുട്ടു കരിച്ചത്. ഗര്‍ഭിണിയായ ഒരു സഹോദരിയുടെ ഉദരത്തില്‍ ത്രിശൂലം കുത്തിയിറക്കി, ഭ്രൂണം പുറത്തെടുത്ത് അവരെ ചുട്ടു കൊന്നു. ഭാരതാംബയുടെ കണ്ണിലെ കരടുകള്‍ ക്രൂരമായ രീതിയില്‍ നീക്കി കൊണ്ടിരിക്കുന്നു. പൈശാചിക വേഷങ്ങള്‍ കെട്ടിയ പ്രതികള്‍ നിയമത്തെ വെല്ലു വിളിച്ചു വിഹരിക്കുന്നു. ഇതിന്നെതിരെ പ്രതികരിക്കുന്നവര്‍ രാജ്യദ്രോഹികളും തീവ്രവാദികളുമായി മുദ്ര കുത്തപ്പെടുന്നു.

"നീ പറയുന്ന കാര്യങ്ങളെ അപ്പടി ഞാന്‍ നിഷേധിക്കുന്നില്ല, നമ്മള്‍ എല്ലാം മനസ്സിലാക്കിയ സത്യങ്ങള്‍ തന്നെയാണ്, പക്ഷേ നിയമത്തെ വെല്ലുവിളിച്ചു കൊണ്ടു വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ പ്രധിരോധിക്കാന്‍ നമ്മുടെ വിശ്വാസം നമ്മെ പഠിപ്പിക്കുന്നില്ല. ജിഹാദിന്നു നാം നമ്മുടെ നിര്‍വചനം കൊടുക്കരുത്‌. ജിഹദെന്നാല് വെറും സായുധ പ്രധിരോധമല്ല. സ്വന്തം ശരീരത്തിന്റെയും ആത്മാവിന്റെയും നീച വിചാരങ്ങള്‍ക്കും, സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കുമെതിരെയുള്ള സമരം, അതാണ് ജിഹാദിന്റെ പ്രഥമ ലക്ഷ്യം. പ്രതിസന്ധി ഘട്ടങ്ങളില്‍ വൈകാരികതക്കടിമപ്പെടാതെ സര്‍വ്വവും ദൈവത്തിലര്‍പ്പിച്ച് ക്ഷമ പാലിക്കുവാനുള്ള കഴിവ്, അത് അല്ലാഹുവിന്റെ പേരിലുള്ള ജിഹാദാണ്‌."

ഈ വാക്കുകളൊന്നും അവനുല്‍ക്കൊള്ളുന്നില്ല എന്ന് അവന്റെ മുഖഭാവത്തില്‍ നിന്നും വായിച്ചെടുക്കാമെങ്കിലും ഞാന്‍ തുടര്‍ന്നു.

"കാര്യങ്ങളെ വെറും സാമുദായികമായി മാത്രം കാണരുത്. നാം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചു നാം മാത്രമല്ല മറ്റു പലരും ബോധവാന്മാരാണ്. സഹോദര സമുദായത്തിലെ ഒരു പാടു നല്ല മനുഷ്യര്‍ തന്നെ പറയാറുണ്ട്, യഥാര്‍ത്ഥ വിശ്വാസികള്‍ ആക്രമണ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയില്ല, എന്ന്. നമ്മുടെ ആദര്‍ശവുമായി പൊരുത്തപ്പെടുന്നില്ലെങ്കിലും ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നാം പിന്തുണ കൊടുക്കുന്നതും അത് കൊണ്ടാണ്. "

***********************************

ഉം... ഒറ്റയിരുപ്പിന് കുറെ കാര്യങ്ങള്‍ പറഞ്ഞു. എനിക്കുറപ്പാ ഇതൊന്നും അവനില്‍ ഒരു മാറ്റോം ഉണ്ടാകീട്ടുണ്ടാവൂല.

പക്ഷേ, ആത്യന്തികതയുടെ മൂര്‍ത്ത രൂപം പ്രാപിച്ച്, തീവ്രവാദിയിലേക്കുള്ള പരിണാമഘട്ടങ്ങളില്‍, അവന്റെ മാതാപിതാക്കള്‍ക്കും, വേണ്ടപ്പെട്ടവര്‍ക്കും, ഭരണകൂടങ്ങള്‍ക്കും പിന്നെ നമ്മള്‍ക്കും അതിന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്നു ഒഴിഞ്ഞു നില്ക്കാന്‍ പറ്റോ?

***********************************

Jul 23, 2008

കരിക്കുലം

'എ' പഠിക്കാന്‍ മിടുക്കനായിരുന്നു.പാഠപുസ്തകങ്ങളായിരുന്നു അവന്റെ ലോകം.അധ്യാപകരുടെ പ്രിയപ്പെട്ടവന്‍. അവന്‍ പഠിച്ചു വലുതായി വല്ല്യ ഒരു കമ്പനീല് ജോല്യായി.

'ബി' സമരത്തിലും പോക്ക്രിത്തരത്തിലും മിടുക്കനായിരുന്നു. എപ്പോഴും അധ്യാപകരുടെ ഹിറ്റ്ലിസ്റ്റില്‍. അവന്‍ പാഠപുസ്തകങ്ങള്‍ കാര്യമായിട്ടൊന്നും പഠിച്ചില്ല. ഒരു വിധം പാസായി,വലുതായപ്പോ ഒരു ബിസിനസ്സും തുടങ്ങി.

ഒരിക്കല്‍ എന്റെ പേരും പറഞ്ഞു കുറച്ചു വിദ്യാര്‍ത്ഥികള്‍ 'എ' യെ കാണാന്‍ പോയി. അവര്‍ക്ക് പ്രൊജക്റ്റ്‌ വോര്‍ക്കിലേക്ക് ആവശ്യമുള്ള കുറച്ചു കാര്യങ്ങള്‍ 'എ' യുടെ അടുത്ത്നിന്നു പഠിക്കണം. ഞാന്‍ വിട്ടത് കൊണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പായിരുന്നു, അവന്‍ ഹെല്പ് ചെയ്യാതിരിക്കില്ല. പക്ഷെ 'എ' പറഞ്ഞു "നോ വേ, എന്നെയൊന്നും ആരും ഹെല്പ് ചെയ്തിട്ടല്ല ഇവിടെ എത്തിയത്. " 'എ' നല്ല പണിത്തിരക്കിലയിരുന്നതിനാല്‍ അവര്‍ കൂടുതല്‍ അവിടെ നിന്നില്ല. അടുത്ത ബസിനു തിരിച്ചു.

ഞാനൊരിക്ക്യെ കൊല്ലത്ത് ഒരു ഇന്റര്‍വ്യൂവിനു പോകുന്നതിന്റെ തലേ ദിവസം 'ബി'ക്ക് വിളിച്ചു. "ഞാന്‍ നാളെ നിങ്ങടെ നാട്ടില്‍ വരുന്നുണ്ട്." പിറ്റേ ദിവസം രാവിലെ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിരങ്ങിയപ്പോ 'ബി' എന്നെ കാത്തു നില്ക്കുന്നു. അവന്റെ മാരുതി കാറില്‍ (അന്ന് മാരുതി വല്ല്യ ആള്‍ക്കാര് മാത്രേ ഉപയോഗിക്കൂ ..!) വീട്ടിലേക്ക് കൊണ്ടു പോയി ...ഭക്ഷണം തന്നു .. ഇന്റര്‍വ്യൂ സ്ഥലത്ത് കൃത്യമായി എത്തിച്ചു. അത് കഴിയുന്നത്‌ വരെ കാത്തിരുന്നു. വൈകിട്ട് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു.

***********************************

ഞങ്ങടെ നാട്ടിലെ കോയാക്ക എപ്പോഴും പറയുന്ന ഒരു വാക്കുണ്ട് "ഇതൊന്നും ഇങ്ങള് പഠിക്കുന്ന പോസ്തകതിലുണ്ടാവൂലാ." എന്നാലും മൂപ്പര്‍ മക്കളെയൊക്കെ നന്നായി പഠിപ്പിച്ചു. പോസ്തകത്തില്‍ പഠിക്കാത്ത കാര്യങ്ങള്‍ മൂപ്പരും പഠിപ്പിച്ചു. ... എല്ലാര്‍ക്കും നല്ല ജോലി !

പിറ്റേ ദിവസം രാവിലെ ട്രെയിനിറങ്ങിയപ്പോ, കൊയാക്കന്റെ മൂത്ത മകന്‍ ബഷീര്‍ അതില്‍ കയറാന്‍ നില്ക്കുന്നു .. കൂടെ ഞങ്ങടെ അയല്‍വാസി വൃദ്ധയായ മീനാക്ഷിയമ്മയും മോനും ...
"എങ്ങട്ടാ"
"മെഡിക്കല്‍ കോളേജില്‍ക്കാ, അമ്മനെ ഒന്നു ഡോക്ടറെ കാണിക്കണം"
"അപ്പൊ ബഷീര്‍ ഓഫീസില്‍ ലീവ് എടുത്തു കാണും, ല്ലേ " എന്ന് ഞാന്‍ ചോദിച്ചില്ല.

യാത്രക്കാരെ ലക്ഷ്യസ്ഥാനെത്തെത്തിക്കുവാനുള്ള വ്യഗ്രതയില്‍ ട്രെയിന്‍ പെട്ടെന്ന് തന്നെ കിതച്ചാണെങ്കിലും നീങ്ങിത്തുടങ്ങിയിരുന്നു.

***********************************

ആരറിയുന്നീ കുതിരയുടെ വേദന ...

ഇങ്ങിവിടെ ഗള്‍ഫില്‍ ഞങ്ങള്‍ രാജകീയമായി ജീവിക്കുന്നു. രാജാക്കന്മാരുടെ അഭിമാനങ്ങളായി ... ഞങ്ങള്‍ക്കു വേണ്ട രാജകീയ സൌകര്യങ്ങളും ഒരുക്കി തന്നിരിക്കുന്നു. താമസവും ഭക്ഷണവും, എന്തിനേറെ പറയുന്നു ഞങ്ങളുടെ ആശുപത്രി പോലും രാജകീയം. അത് കൊണ്ടു തന്നെ യജമാനന്മാരുടെ അന്താസ്സു കാക്കുന്നതിലും ഞങ്ങള്‍ ശ്രമിക്കുന്നു. ഓട്ട പന്തയങ്ങളില്‍ സമ്മാനം നേടി കൊടുക്കുമ്പോള്‍ അതിന്റെ ക്രെഡിറ്റ് അവര്‍ മാത്രം അവകാശപെടാറില്ല. വലിയ വലിയ ആള്‍ക്കാരുടെ മുന്നില്‍ വച്ചു ഞങ്ങളെ പുകഴ്ത്തി പറയും ...സ്നേഹ സ്പര്‍ശനങ്ങലാല്‍ വീര്‍പ്പു മുട്ടിക്കും.

പക്ഷെ നിങ്ങളുടെ നാട്ടില്‍ നിന്നു വേദനിപ്പിക്കുന്ന വാര്‍ത്തകളാണ് കേള്‍കുന്നത്. രാഷ്ട്രീയക്കാരുടെ വൃത്തി കേട്ട പ്രവര്‍ത്തികളെ ഞങ്ങളുമായി ബന്ധിപ്പികുന്നതെന്തിനാണ് ? ഞങ്ങള്‍ ഞങ്ങളുടെ യജമാനന്മാരെ ഒറ്റിക്കൊടുക്കാറില്ല. പൈസ വാങ്ങിച്ചു യജമാനന്മാരെ ചതിചിട്ടുമില്ല. കുറെ ദിവസങ്ങളായി വിഷമം കൊണ്ടു ഉറങ്ങാറ് പോലുമില്ല ... നിങ്ങളുടെ നാട്ടിലെ യുദ്ധ ചരിത്രങ്ങള്‍ നോക്കിയാലറിയാം, രാജാക്കന്മാര്‍ ഞങ്ങളെ പരമാവധി ഉപയോഗിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കതില്‍ വിഷമമില്ല. പല രാജ്യങ്ങളുടെയും സ്വാതന്ത്ര്യ സമരങ്ങളില്‍ ഞങ്ങളുടെ പൂര്‍വികര്‍ രക്തസാക്ഷ്യം വഹിച്ചത് ഞങ്ങള്‍ അഭിമാനത്തോടെയാണ് വയിക്കാറ്. ഇനിയും അത്തരം സന്ദര്‍ഭങ്ങളില്‍ രണാങ്കണത്തില്‍ ഇറങ്ങാന്‍ ഞങ്ങള്‍ സദാ തയ്യാറുമാണ്.

പക്ഷെ ... പ്ലീസ് ...പ്ലീസ് ... ഇതു സഹിക്കാവുന്നതിലും അപ്പുറമാണ് . കുതിരക്കച്ചവടം എന്ന പദം എവിടെ നിന്നു കിട്ടി നിങ്ങള്ക്ക്... അതുപയോഗിക്കുന്നവര്‍ക്കും പ്രയോഗിക്കുന്നവര്‍ക്കും മാനവും അഭിമാനവും ഒന്നുമില്ലെങ്കിലും, ഞങ്ങളുടെ പൂര്‍വ പിതാക്കള്‍ അത് പഠിപ്പിച്ചു തന്നിട്ടുണ്ട്.

അത് കൊണ്ടു ഇനിയെങ്കിലും, ദയവു ചെയ്തു ...ദയവു ചെയത് ...(വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ തേങ്ങുന്നു ...)

-- ഒരു പാടു സ്നേഹത്തോടെ,
ഒരു കുതിര, ദുബായ്.