Jul 24, 2009

സി.ആര്‍. നീലകണുന്‍, രാഷ്ട്രീയപ്രതികാരത്തിന്റെ ഇര ?

കൊച്ചി: പ്രശസ്‌ത പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനും വിമര്‍ശകനും അരൂര്‍ കെല്‍ട്രോണ്‍ കണ്‍ട്രോള്‍സ്‌ ഡപ്യൂട്ടി ജനറല്‍ മാനേജരുമായ സി.ആര്‍. നീലകണുനെ കെല്‍ട്രോണിന്റെ ഹൈദരാബാദ്‌ ബ്രാഞ്ചിലേക്ക്‌ സ്ഥലം മാറ്റി. വ്യാഴാഴ്‌ചയാണ്‌ സി.ആര്‍. നീലകണുനെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവിറങ്ങിയത്‌. സി.ആര്‍. നീലകണുനൊപ്പം മറ്റ്‌ രണ്ട്‌ സഹപ്രവര്‍ത്തകരേയും അരൂരില്‍നിന്ന്‌ ചെന്നൈയിലേക്കും മുംബൈയിലേക്കും സ്ഥലം മാറ്റി.

സര്‍വീസില്‍ പ്രവേശിച്ചതു മുതല്‍ 28 വര്‍ഷമായി സി.ആര്‍. നീലകണുന്‍ അരൂര്‍ കെല്‍ട്രോണ്‍ കണ്‍ട്രോള്‍സിലാണ്‌ ജോലി ചെയ്യുന്നത്‌. ഇപ്പോഴത്തെ സ്ഥലം മാറ്റത്തില്‍ പ്രത്യേകിച്ച്‌ കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. സര്‍വീസ്‌ ചട്ടങ്ങള്‍ക്കകത്ത്‌ നിന്നുകൊണ്ട്‌ ചെയ്യാവുന്ന നടപടികള്‍ കൈക്കൊള്ളുമെന്ന്‌ സ്ഥലംമാറ്റത്തെക്കുറിച്ച്‌ സി.ആര്‍. നീലകണുന്‍ പ്രതികരിച്ചു. 52 വയസ്സ്‌ കഴിഞ്ഞ തനിക്കൊപ്പമാണ്‌ 90 വയസ്സുള്ള പിതാവും 80 വയസ്സുള്ള മാതാവും കഴിയുന്നത്‌. അക്കാദമിക വര്‍ഷത്തിന്റെ മധ്യഭാഗത്തു വെച്ചുള്ള സ്ഥലം മാറ്റം കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുകയും ചെയ്യും. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കെല്‍ട്രോണ്‍ മാനേജിങ്‌ ഡയറക്ടര്‍ക്ക്‌ അപേക്ഷ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെല്‍ട്രോണിലെ വിവിധ പ്രോജക്ടുകള്‍ക്ക്‌ നേതൃത്വം നല്‍കുന്ന സി.ആര്‍. നീലകണുനെ സ്ഥലംമാറ്റിയതിന്‌ പിന്നില്‍ രാഷ്ട്രീയപ്രതികാര നടപടിയാണെന്ന്‌ ആരോപണം ഉയര്‍ന്നിട്ടുണ്ട്‌. കഴിഞ്ഞ ബുധനാഴ്‌ച, 'ലാവലിന്‍ ഉയര്‍ത്തുന്ന ചില ചോദ്യങ്ങള്‍' എന്ന പേരില്‍ 'മാതൃഭൂമി'യില്‍ സി.ആര്‍. നീലകണുന്റെ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ലാവലിന്‍ കേസിനെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളടങ്ങിയ സി.ആര്‍. നീലകണുന്റെ ഒരു പുസ്‌തകം അടുത്തിടെ പ്രകാശനം ചെയ്‌തിരുന്നു. സി.പി.എമ്മിലെ വിഭാഗീയ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചകളിലും സി.ആര്‍. തന്റെ നിലപാടുകള്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനെ സി.പി.എം. പോളിറ്റ്‌ബ്യൂറോയില്‍ നിന്ന്‌ നീക്കിയപ്പോള്‍ വി.എസിന്റെ നിലപാടുകളെ ന്യായീകരിച്ച്‌ രംഗത്തെത്തിയതും പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ അപ്രീതിക്ക്‌ കാരണമായിട്ടുണ്ടെന്ന്‌ കരുതുന്നു.
- മാതൃഭൂമി വാര്‍ത്ത

Jul 22, 2009

ഇടതുപക്ഷം ക്ഷയിക്കുമ്പോള്‍ സംഭവിക്കുന്നത് ...

ഇടതുപക്ഷം ക്ഷയിക്കരുതെന്ന് ആഗ്രഹിച്ചവരാണ് നിഷ്പക്ഷ രാഷ്ട്രീയ വീക്ഷണമുള്ളവരും ഇതിനെ അത്തരത്തില്‍ നിരീക്ഷണം നടത്തിയവരും. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിച്ചാലും ഇടതുപക്ഷം ഒരു സമ്മര്‍ദ്ദ ശക്തിയായി നില്‍ക്കണമെന്ന് അവരാഗ്രഹിച്ചു. സാമ്രാജ്യത്തത്തിന്നെതിരെയുള്ള ഇടതുപക്ഷത്തിന്റെ കടുത്ത നിലപാടാണ്‌ പലപ്പോഴും കഴിഞ്ഞ സര്‍ക്കാരുകളെ സാമ്രാജ്യത്വ അജണ്ടകളുടെ നടത്തിപ്പുകാരകുന്നതില്‍ നിന്നും തടഞ്ഞത്.

ഇത്തവണ ഇടതുപക്ഷം ക്ഷയിച്ചതിന്റെ പ്രത്യാഘാതങ്ങള്‍ ദൃശ്യമായിക്കൊണ്ടിരിക്കുന്നു.രാജ്യത്തിന്റെ സൈനിക കേന്ദ്രങ്ങളില്‍ അമേരിക്കന്‍ പരിശോധന അനുവദിക്കുന്ന കരാറില്‍ ഒപ്പിടുക വഴി ഈ അടിമത്തത്തിന്റെ വ്യക്തമായ സൂചനകള്‍ വരുന്നു. രാജ്യത്തിന്റെ പരമാധികാരം അടിയറ വച്ച് കൊണ്ടുള്ള കരാരെന്ന ആരോപണം ഉയരുന്നു. ഇനിയും ഇത്തരം കരാറുകളും ദാസ്യ വേലകളും പ്രതീക്ഷിക്കാം.

സാമ്രാജ്യത്ത ശ്രുംഖലകളുടെ ഉപദേഷ്ടാക്കള്‍ ഇനിയും പല വലകള്‍ വിരിക്കും. പ്രലോഭനങ്ങള്‍ നിരത്തും. കോടിപതികളായ ജനപ്രധിനിധികളുടെ എണ്ണം ഇനിയും വര്‍ദ്ധിക്കും. ദരിദ്രരും പട്ടിണിപ്പാവങ്ങളും നിറഞ്ഞ നമ്മുടെ നാടിന്റെ നേതാക്കളുടെ വരുമാനത്തിന്റെ കണക്കു നാം അറിഞ്ഞുവല്ലോ... സമ്പന്നനായ ഒരു മന്ത്രിയുടെ സമ്പാദ്യം 31.89 കോടി, ഭാര്യയുടെ 4.96 കോടി ...!

ഇടതു പക്ഷത്തെ ക്ഷയിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് തലയൂരാന്‍ പറ്റില്ല. കേവലം സങ്കുചിത താല്പര്യങ്ങള്‍ക്കായി, പ്രാദേശിക പ്രശ്നങ്ങളുടെ പേരില്‍, തമ്മിലടികളുടെ വൈരാഗ്യം തീര്‍ക്കാനെന്ന വണ്ണം ഇടതുപക്ഷ വിരുദ്ധ നിലപാടെടുത്തവര്‍ കാര്യങ്ങളുടെ ഗൌരവം തിരിച്ചറിഞ്ഞില്ല എന്ന് വേണം കരുതാന്‍‍. രാജ്യം നേരിടുന്ന മുഖ്യ ഭീഷണി നിലനില്പിന്റെയാണ്, സാമ്രാജ്യത്തത്തോടുള്ള അടിമത്തത്തിന്റെയാണ്. മാധ്യമങ്ങളും സാമ്രാജ്യത്താനുകൂല നിലപാടെടുത്തു. ആണവ കരാര്‍, സാമ്പത്തിക പ്രതിസന്ധി, സാമ്രാജ്യത്ത അജണ്ടകള്‍ തുടങ്ങിയ സുപ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ല. ലാവ്‌ലിന്‍ ചര്‍ച്ച ചെയ്തത് പോലെ ബോഫോഴ്സ് കോഴയുടെ ഇടനിലക്കാരന്‍ ക്വത്രോച്ചിയെ രക്ഷപ്പെടുത്തിയതും മറ്റു അഴിമാതിക്കേസ്സുകളും ചര്‍ച്ച ചെയ്തില്ല.

അതേ സമയം ഇടതുപക്ഷത്തെ ക്ഷയിപ്പിക്കുന്നത് ഇടതുപക്ഷം തന്നെ എന്നൊരു തിരിച്ചറിവ്‌ അനിവാര്യമായിരിക്കുന്നു. വിഭാഗീയതയും, തല തിരിഞ്ഞ ഭരണ പരിഷ്കാരങ്ങളും അവരുടെ പരാജയത്തിന്റെ മുഖ്യ കാരണങ്ങളായെന്നു വിലയിരുത്തപ്പെട്ടു. അച്ചടക്കരാഹിത്യം വച്ച് പൊറുപ്പിക്കില്ല എന്നത് ഒരു കേഡര്‍ പാര്‍ട്ടിയെ സംബന്ധിച്ചടത്തോളം ചിട്ടയുടെ ഭാഗം. പക്ഷെ ശിക്ഷണത്തിലും പക്ഷപാതമുണ്ടെന്ന തോന്നല്‍ വിഭാഗീയതയെ കൂടുതല്‍ രൂക്ഷമാക്കുന്നു. നേതാക്കളുടെ ആഡംബര ജീവിതത്തെയും സ്വത്ത്‌ സമ്പാദനത്തെയും വിമര്‍ശിക്കുന്നവര്‍ അതിന്റെ കാരണം കണ്ടെത്താനും പ്രതിവിധി നടപ്പാക്കാനും ശ്രമിക്കുന്നില്ല.

കാര്യങ്ങളെ കുറെ കൂടി ഗൌരവത്തില്‍ കണ്ട്, രാജ്യത്തിന്റെ രാഷ്ട്രീയ അവസ്ഥകളെ വിശകലനം ചെയ്തു വിശാലമായ നിലപാടുകള്‍ എടുക്കാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് കഴിയണം. അവരെ തകര്‍ക്കണമെന്നു ആഗ്രഹിക്കുന്നവരുടെ നിലപാടുകളേക്കാള്‍ ഗുരുതരമല്ലേ നേതാക്കള്‍ തന്നെ പ്രസ്ഥാനത്തെ തകര്‍ക്കുന്ന അവസ്ഥ ..?

Jul 19, 2009

മാനമില്ലാത്തവര്‍, മാനം കെടുത്തുന്നവരും ...

സേവനം തപസ്യയാക്കിയ സുഹൃത്തിന്റെ കൂടെ ഗള്‍ഫിലെ ഒരു വനിതാ ജയില്‍ സന്ദര്‍ശിച്ചപ്പോള്‍ കണ്ടത്‌ മനസ്സിനെ വേദനിപ്പിച്ചു. റോസ് നിറത്തില്‍ ജയില്‍ വസ്ത്രമണിഞ്ഞ ചെറുപ്പക്കാരി തടവുകാരി, അനുവദിക്കപ്പെട്ട സന്ദര്‍ശന സമയം കഴിഞ്ഞപ്പോള്‍ കൊച്ചു മോളെ തിരിച്ച് ബന്ധുക്കള്‍ക്ക് കൊടുക്കുന്ന കാഴ്ച. രണ്ടു വയസ്സ് തോന്നിക്കും കൊച്ചിന്. ഉമ്മ തിന്നാന്‍ കൊടുത്ത ചോക്ലേറ്റ്‌ കഴിച്ചി റക്കിയിട്ടില്ല. കണ്ണീരിനൊപ്പം ചുണ്ടുകള്‍ക്കിരുവശത്തു കൂടി ചോക്ലേറ്റ്‌ നീരും ഒലിച്ചിറങ്ങുന്നു. ബന്ധുവിന്റെ ഒക്കത്തിരുന്നു റ്റാറ്റാ പറഞ്ഞു നീങ്ങുന്ന കുഞ്ഞിനെ തട്ടം കൊണ്ട് മുഖം തുടച്ച് നോക്കി നില്‍ക്കുന്നു ഉമ്മ. കുറച്ചു കഴിഞ്ഞു വനിതാ ഗാര്‍ഡുകളുടെ കൂടെ തിരിച്ചു പോയി.

നിത്യസന്ദര്‍ശകനായ സുഹൃത്തിനെ ആദരവോടെ സ്വീകരിച്ചു ജയില്‍ സുപ്രണ്ട്. അവര്‍ തമ്മില്‍ അറബിയില്‍ കുറെ നേരം സംസാരിച്ചു. ജയില്‍ മോചനത്തിന്നു സാധ്യതയുള്ള കേസുകള്‍ അധികാരികളെ ബോധ്യപെടുത്തി മോചനം എളുപ്പമാക്കുക എന്ന ദൌത്യമാണ് സുഹൃത്ത്‌ ഏറ്റെടുത്തിരിക്കുന്നത്. മാനുഷിക പരിഗണകളുടെ ഉദാത്ത സമീപനങ്ങളുടെ നിരവധി അനുഭവങ്ങള്‍ ...

കുറച്ചു മുമ്പ്‌ കണ്ട കേസ്‌ സുഹൃത്ത് എനിക്ക് വിവരിച്ചു തന്നു. കേസ്‌ പെണ്‍വാണിഭം ...ഒരു റെയിഡില്‍ കയ്യോടെ പിടികൂടി ജയിലിലടച്ചതാണ്. വീട്ടു വിസയ്ക്ക് ഏജന്റ് കൊണ്ട് വന്നതാണ്, ഭര്‍ത്താവിന്റെ സമ്മതത്തോടെ. കൊച്ചു മകളും കൂടെ. എത്തിപെട്ടത്‌ സെക്സ് റാക്കെറ്റിന്റെ വലയില്‍. ഏജെന്റും നടത്തിപ്പുകാരും എല്ലാം മലയാളികള്‍.

എന്തായാലും സുഹൃത്തിന്റെ ശ്രമഫലമായി അവര്‍ ജയില്‍ മോചിതയായി. മൊബൈലില്‍ സുഹൃത്തിനെ വിളിച്ച് നന്ദി രേഖപ്പെടുത്തി. ജീവിതം തിരിച്ചു നല്കിയതിന്ന്‍. അന്ന് തന്നെ നാട്ടിലേക്ക്‌ വിമാനം കയറി. നാട്ടിലെത്തിയിട്ടും രണ്ട് മൂന്ന് പ്രാവശ്യം വിളിച്ചത്രേ ...മറക്കാന്‍ പറ്റുമോ ഈ ഉപകാരം. കൂലിപ്പണി എടുത്ത്‌ കുടുംബം നോക്കിക്കോളാം, എന്നാലും ഇനി അവിടേക്കില്ല ..!

ഞങ്ങള്‍ ചര്‍ച്ച ചെയ്തു...അങ്ങിനെ എത്രെയെത്ര ഇരകള്‍...വഞ്ചിതരായി വലയില്‍ പെട്ടവര്‍ ...നിരപരാധികള്‍ ... പക്ഷെ എന്തൊരു ധൈര്യത്തിലാണ് അവരുടെ വേണ്ടപെട്ടവര്‍ അവരെ കയറ്റി വിടുന്നത് ...! അതോ മൌനാനുവാദമോ ..? ഇടപെടുമ്പോള്‍ മനസ്സിലാകാറുണ്ട്, വല വിരിക്കുന്നവരില്‍ ബന്ധുക്കളും വേണ്ടപെട്ടവരും എല്ലമുണ്ടാകാറുണ്ട് ...!

ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ സ്ത്രീയുടെ കോള്‍ വീണ്ടും, ദുബായില്‍ നിന്ന്‍ !...അവര്‍ തിരിച്ചു വന്നെത്രേ ..! നല്ലൊരു ജോലിയിലും കയറിയെന്ന് ..! മാനേജര്‍ പദവിയിലാണ്. സുഹൃത്ത് സന്തോഷിച്ചു. അവരെ അഭിനന്ദനങ്ങള്‍ അറിയിച്ചു. ഒരു പക്ഷെ നാട്ടില്‍ നിന്ന ആ കാലയളവില്‍ മിനക്കെട്ടു എന്തെങ്കിലും പഠിച്ചു കാണും...അല്ലെങ്കിലും സുഹൃത്ത് പറയാറുണ്ട്‌ ...നല്ല തന്റെടമുള്ള സ്ത്രീയാണ്...അത്യാവശ്യം പഠിച്ച കൂട്ടത്തിലാണെന്നും. എന്തായാലും അവര്‍ രക്ഷപ്പെട്ടല്ലോ.

പിന്നീട് ഞങ്ങള്‍ കണ്ടെത്തി, അവരെത്തിയിരിക്കുന്നത് മാനേജര്‍ ആയി തന്നെയാണ്, പക്ഷെ ഒരു പെണ്‍വാണിഭ കേന്ദ്രത്തിന്റെയാണെന്ന് മാത്രം ...!

Jul 11, 2009

പ്രിയപ്പെട്ട ഹൌസ് ഡ്രൈവറുടെ മറുപടി

നിങ്ങള്‍ അയച്ച കത്ത് വായിച്ചു. വായിച്ചപ്പോ ഒരു വിഷമവും തോന്നിയില്ല, ഉടനെ തന്നെ മറുപടി അയക്കുന്നു, പെട്ടെന്നയച്ചില്ലെങ്കില്‍ നിങ്ങള്‍ പറയും, ഒരു കത്തെഴുതുവാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലാ എനിക്കെന്ന്‍ ..അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഇവിടെ എനിക്കൊരു പ്രശ്നവുമില്ല, അല്ഹമ്ദുലില്ലാ ...

നിങ്ങള്‍ പറഞ്ഞ കഴുകന്മാരെ ഞാന്‍ കണ്ടത്‌ നാട്ടിലേക്ക് വരുമ്പോഴാണ്. അധ്വാനത്തിന്റെ വിയര്‍പ്പു നാറ്റം ഒഴിവാക്കാന്‍ പൂശിയ സ്പ്രേയും നാട്ടിലേക്ക് വരുമ്പോ മാത്രമിടുന്ന പുത്തന്‍ കുപ്പായവും കണ്ടു ആള് വല്ല്യ സുജായീന്നു വിചാരിച്ചു കൂടെ കൂടിയ കഴുകന്മാര്‍ ..വിമാനക്കമ്പനിയുടെ ലേബലില്‍, മൊബൈല്‍ കമ്പനിക്കാരുടെ ലേബലില്‍, റിയല് ‍എസ്റ്റേറ്റ്‌ മാഫിയകളുടെ ലേബലില്‍ ...അങ്ങനെ നാടന്‍ കഴുകന്മാര്‍ ... !

നിവൃത്തികേടല്ല, ഒരൊളിച്ചോട്ടം തന്നെയായിരുന്നു. നിങ്ങള്‍ നാട്ടില്‍ ഒരോട്ടോറിക്ഷ ഓടിച്ചാല്‍ മതിയായിരുന്നല്ലോ ...നല്ല ചോദ്യം ..! ലോണെടുത്ത് ഓട്ടോറിക്ഷ വാങ്ങിച്ച് കടത്തില്‍ മുങ്ങിയാണ് ഇങ്ങോട്ട് വിമാനം കയറിയത്‌ എന്ന കാര്യം നിങ്ങള്‍ക്കറിയുമോ. പലിശക്ക് പലിശ, പേപ്പര്‍ ശരിയാക്കാന്‍ കറങ്ങിയ കറക്കം, കാര്യം നേടാന്‍ കൊടുത്ത കൈക്കൂലി, അടവ് തെറ്റിയപ്പോ നോട്ടീസ്, പിന്നെ ഫസ്റ്റ് ക്ലാസ്സ്‌ റോഡല്ലേ, നികുതി കൃത്ത്യായിട്ടു മേടിക്കുന്നുണ്ട്‌, എല്ലാം തിന്നു മുടിക്കുന്ന ഒരു വര്‍ഗ്ഗം, ഉദ്യോഗസ്ഥരും ..രാഷ്ട്രീയക്കാരും ...
ബാപ്പ ഒരു പാവം സാധാ പാര്‍ട്ടി നേതാവായിരുന്നതിനാല്‍, അത് വഴിയും ജോലിക്കായി കുറെ ശ്രമങ്ങള്‍, പക്ഷെ നേതാക്കളെ തൃപ്തി പെടുത്താനുള്ള വഹകളില്ലാത്ത പാവങ്ങള്‍ ഞങ്ങള്‍ ...

ഏതു കഴിവില്ലായ്മയെയാണ് നിങ്ങള്‍ പറ്റിപ്പോയ ഗതികേടെന്ന് നാമകരണം ചെയ്ത് കഴുത്തില്‍ ചുറ്റിയത്? ഏത് പ്രതിഭാസമാണ പിറന്നു വീണ മണ്ണില്‍ നിന്നും നിങ്ങളെ വിദൂരത്തേക്ക് തട്ടിത്തെറിപ്പിച്ചത്?
മറുപടി വ്യക്തമയിട്ടുണ്ടാകുമെന്നു വിചാരിക്കുന്നു. കൈക്കൂലിക്കാരേയും, സ്വാര്‍ഥരായ രാഷ്ട്രീയക്കാരുടെ കുതന്ത്രങ്ങളെയും, അടിയന്തിരത്തിന്നു പോലും കയ്യിട്ടു വാരുന്ന ചൂഷകരുടെയും, വട്ടിപ്പലിശക്കാരുടെയും, പിന്നെയോ ...വര്‍ഗീയ ഭ്രാന്തന്മാര്‍, മതത്തിന്റെ പേരില്‍ തമ്മിലടിപ്പിക്കുന്നവര്‍, അവരെയൊക്കെ ചെറുത്ത് ... കഴിവില്ലായ്മയല്ല, ഗതികേട് തന്നെ. സ്വസ്ഥത കിട്ടാന്‍ ചന്ദ്രനില്‍ പോകാന്‍ പറ്റൊങ്കില്‍ അവിടെയും പോകും.

പിറന്ന നാട്ടില്‍ നില്ക്കാന്‍ പൂതിയില്ലാത്തോര്‍ ആരാ ഉണ്ടാവാ. എന്നിട്ടും നമ്മടെ ബുദ്ധിയും കഴിവും മറ്റു രാജ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപെടുത്തേണ്ട ഒരവസ്ഥ എന്ത് കൊണ്ട് വന്നു ??? രോഗിയായ ഉമ്മക്ക് താങ്ങും തണലുമായും നില്‍ക്കാനും, ബാപ്പാന്റെ മയ്യത്തു നമസ്‌കാരത്തിനു ഇമാമത്തു നില്‍ക്കാനും ... എല്ലാത്തിനും പൂതിയുണ്ട്, നാടിന്റെ പച്ചപ്പും, കവുങ്ങും തോട്ടവും, മഴയും, വിഷുപ്പാടവും, പീടിക കോലായിലിരുന്നു സ്വറ പറച്ചിലും, നിഷ്കളങ്കരായ നാട്ടുകാരും, എല്ലാം മനസ്സില്‍ വരാറുണ്ട്. പക്ഷെ കെട്ടിച്ചയക്കാനുള്ള പെങ്ങന്മ്മാരുടെ മുഖം മനസ്സില്‍ വരുമ്പോ, പൊളിഞ്ഞുത്തൂങ്ങിയ വീട്ടിന്റെ മുന്‍ഭാഗത്തെ പട്ടിക കഷ്ണങ്ങള്‍ടെ രൂപം മനസ്സില്‍ വരുമ്പോ, ഈ മരുഭൂമിയിലെ ചൂടൊക്കെ മറക്കും. ബര്‍ക്കത്തുള്ള മണ്ണായി തോന്നും..!! എത്രയോ ഉമ്മമാരുടെ പ്രാര്‍ഥനകള്‍... മറക്കാന്‍ പറ്റോ നമ്മക്ക്.

പലപ്പോഴും ഇവിടെ ചെയ്യുന്ന പണിയില്‍ അഭിമാനമേ തൊന്നിയിട്ടൊള്ളൂ, പേപര്‍ ശരിയാക്കാന്‍ ആരുടെ കാലും പിടിക്കേണ്ടി വന്നിട്ടില്ല, നൂറു തവണ ആപ്പീസുകളിലേക്ക് കയറിയിറങ്ങി വിയര്‍ക്കേണ്ടി വന്നിട്ടില്ല, വണ്ടി ഓടിക്കുന്നതിന്നിടയില്‍ പോലീസിന്റെ തെറി കേള്‍ക്കേണ്ടി വന്നിട്ടില്ല ...

എന്തൊക്കെയായാലും ബാബു ഭരദ്വാജ് 'പ്രവാസികളുടെ ഡയറിക്കുറിപ്പുകളില്‍' പറഞ്ഞത് പോലെ 'പ്രവാസ ജീവിതം നല്കിയ ഏതൊരൈശ്വര്യത്തിലും നന്ദിയുള്ളതോടൊപ്പം തന്നെ അടുത്ത തലമുറയില്‍ പെട്ടവരെങ്കിലും പ്രവാസിയാകരുതേ, എന്നാണ് ആത്മാര്‍ഥമായ പ്രാര്‍ത്ഥന ..!'

അറബിക്കഥയിലെ മുകുന്ദനെ പോലെ നാടിലേക്ക് വരാനും സ്ഥിരമായി അവിടെ കൂടാനും ആഗ്രഹമുണ്ടെങ്കിലും, അതിന് കഴിയാത്തതിന്റെ കാരണം ...? ഉത്തരം കണ്ടെത്തുവാനുള്ള ബാധ്യത എനിക്കെന്ന പോലെ നിങ്ങള്‍ക്കുമില്ലേ.

ഒരു പാടു പ്രാര്‍ഥനയോടെ,

- ഒരു പാവം ഹൌസ് ഡ്രൈവര്‍