Feb 23, 2010

സത്യനില്‍ നിന്നും മമ്മൂട്ടിയിലേക്കുള്ള ദൂരം ...!

സംവിധായകന്‍ ഒരു സമയം പറഞ്ഞാല്‍ അതിന്നു അഞ്ചു മിനിറ്റ് മുമ്പ് തന്നെ ലൊക്കേഷനില്‍ കൃത്യമായെത്തുന്ന സത്യന്‍,  ഏതെങ്കിലും ഒരു പടം പൊളിഞ്ഞാല്‍ അതിന്റെ കാരണങ്ങള്‍ നിര്‍മാതാവുമായി ചര്‍ച്ച ചെയ്തു കുറവുകള്‍ നീക്കാന്‍ ശ്രമിക്കുന്ന നിത്യ ഹരിതനായകന്‍ പ്രേം നസീര്‍ ...ഒരു സംവിധായകനുമായി ദുബായിലെ ഒരു എഫ്. എം റേഡിയോ നടത്തിയ അഭിമുഖത്തിലാണ് ഈ വിവരങ്ങള്‍ അറിഞ്ഞത്. അവരുടെ അര്‍പ്പണബോധത്തിന്റെ ഉദാത്ത മാതൃകകള്‍ വേറെയും കുറെ പറഞ്ഞു. മലയാള സിനിമയിലെ സൂപര്‍ താരങ്ങളെ കുറിച്ചൊന്നും പരാമര്‍ശിച്ചില്ലെങ്കിലും ഒന്നോ രണ്ടോ സിനിമയില്‍  മാത്രം മുഖം കാണിക്കുന്നതോടെ ജാഡകള്‍ കാണിക്കുന്ന പുതുമുഖതാരങ്ങളെ കുറിച്ച്സൂചിപ്പിച്ചു.

സിനിമാ രംഗത്തെ കുറിച്ച് വലിയ പിടിപാടൊന്നുമില്ലെങ്കിലും ഈ 'തിലകന്‍' വിഷയത്തില്‍ പലരും ജാഡകളെ കുറിച്ച് സംസാരിക്കുന്നു. സുകുമാര്‍ അഴീക്കോട്‌ അടക്കം. ഈ വിഷയത്തില്‍ ഒരു മധ്യസ്ഥത്തിന്നു തയ്യാറായ അദ്ദേഹത്തെ മോഹന്‍ലാല്‍ രൂക്ഷമായി വിമര്‍ശിച്ചു. 'അമ്മ'യും അഴീക്കോടും തമ്മില്‍  എന്തു ബന്ധം? മോഹന്‍ലാല്‍ ചോദിക്കുന്നു. ഒരു വകയിലൊരമ്മാമന്‍ പറഞ്ഞ ഫലിതമായിട്ടെ അദ്ദേഹത്തിന്നിത് തോന്നിയുള്ളൂവത്രേ .

തിലകന്‍ മമ്മൂട്ടിയെ അധിക്ഷേപിച്ചത് ശരിയായില്ല്ലെന്നും ലാല്‍.
"എന്നെ ഇത് വല്ലാതെ വേദനിപ്പിച്ചു.തിലകന്‍ വലിയ നടനാണ്. അത് തര്‍ക്കമില്ലാത്ത കാര്യവുമാണ്. അമ്മയും ഫെഫ്കയുമായി ബന്ധപ്പെട്ട് തിലകന് അഭിപ്രായ വ്യത്യാസമുണ്ടാകാം. എന്നാല്‍ അതൊന്നും മമ്മൂട്ടി എന്ന നടനെക്കുറിച്ച് അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിക്കുന്ന തലത്തിലേക്ക് വളരരുതായിരുന്നു. ഒരുപാട് ആരാധകരുള്ള നടനാണ് മമ്മൂട്ടി, അദ്ദേഹത്തെക്കുറിച്ച് നടത്തിയ മോശമായ പരാമര്‍ശങ്ങള്‍ ആരാധകരെ വേദനിപ്പിച്ചിട്ടുണ്ടാകാം." (മമ്മൂട്ടി ഫാന്‍സ്‌ അസോസിയേഷന്‍ തിലകന്റെ കോലം കത്തിച്ചതില്‍ അവരെ തെറ്റ് പറയാന്‍ പറ്റില്ലെന്ന് സാരം ..!)


തിലകനെന്നല്ല ആര് അച്ചടക്ക ലംഘനം നടത്തിയാലും ശിക്ഷാ നടപടി നേരിടേണ്ടി വരും എന്ന് ജഗതി. സൂപ്പര്‍ സ്റ്റാറുകള്‍ക്കും അത് ബാധകമാണ്. താരങ്ങളല്ല മറിച്ച് താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകളാണ് മലയാള സിനിമയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ജഗതി പറഞ്ഞു. ഫാന്‍സുകളുടെ അമിത ബഹളം മൂലം തീയേറ്ററുകളില്‍ സ്വസ്ഥമായി സിനിമ കാണാനാവാത്ത അവസ്ഥയാണ്. ഇവരെ നിലയ്ക്ക് നിര്‍ത്തേണ്ടത് സൂപ്പര്‍ സ്റ്റാറുകള്‍ തന്നെയാണെന്നും ജഗതി പറഞ്ഞു. മലയാള സിനിമയുടെ പ്രതിസന്ധി മുന്നില്‍ക്കണ്ട് സൂപ്പര്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാവണമെന്നും ജഗതി ആവശ്യപ്പെട്ടു.

ജാതി, മത, രാഷ്ട്രീയക്കാര്‍ഡുകളിറക്കി രംഗം കൊഴുപ്പിക്കുന്നുണ്ട്‌ പലരും. അകത്തളങ്ങളില്‍ എന്തോക്കൊയോ ചീഞ്ഞു നാറുന്നുണ്ട് ...

ഇവിടെയാണ്‌ യുവ സംവിധായകന്‍ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പ്രസക്തമാകുന്നത് എന്ന് തോന്നുന്നു. പണത്തിന്നു മുമ്പില്‍ അര്‍പ്പണബോധം അടിയറ വെക്കാതിരുന്ന പഴയ താരങ്ങള്‍... ഒരു സിനിമ സാമ്പത്തികമായി പരാജയപെട്ടപ്പോള്‍ അതേ നിര്‍മാതാവിന്റെ സിനിമയില്‍ സൌജന്യമായി അഭിനയിക്കാന്‍ തയ്യാറായ നിത്യഹരിത നായകന്‍ പ്രേം നസീര്‍ ...!

അതെ, സത്യനില്‍ നിന്നും പ്രേം നസീറില്‍ നിന്നുമൊക്കെ മമ്മൂട്ടിയിലെക്കും മോഹന്‍ലാലിലേക്കുമുള്ള ദൂരം കുറച്ചു കൂടുതലുണ്ടോ ?    

4 അഭിപ്രായങ്ങള്‍:

OpenThoughts said...

അതെ, സത്യനില്‍ നിന്നും പ്രേം നസീറില്‍ നിന്നുമൊക്കെ മമ്മൂട്ടിയിലെക്കും മോഹന്‍ലാലിലേക്കുമുള്ള ദൂരം കുറച്ചു കൂടുതലുണ്ടോ ?

സസ്നേഹം,
ഓപണ്‍ തോട്സ്

ശ്രീ said...

എഴുതിയതിലെ പ്രസക്തമായ സാരം ശരി വയ്ക്കുന്നു.

എങ്കിലും സത്യനെയും നസീറീനെയും മമ്മൂട്ടിയും മോഹന്‍ലാലുമായി താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല എന്നാണ് എന്റെ അഭിപ്രായം. ആരും ആര്‍ക്കും സമാനരല്ല എന്നതു കൊണ്ട് തന്നെ.

പ്രതിഫലത്തിന്റെ കാര്യത്തില്‍ നസീറും കൃത്യനിഷ്ഠയുടെ കാര്യത്തില്‍ സത്യനും ഇപ്പറഞ്ഞതു പോലെയായിരുന്നു എന്ന് ഞാനും വായിച്ചറിഞ്ഞിട്ടുണ്ട്. (സത്യന്‍ സിനിമയില്‍ വരും മുന്‍പ് പോലീസിലായിരുന്നത്രേ)
പക്ഷേ, പ്രതിഫലത്തിന്റെ കാര്യത്തില്‍ പിടിവാശി കാണിച്ചതു കൊണ്ടു മാത്രം പല നല്ല പടങ്ങളും സത്യന് നഷ്ടമായിട്ടുണ്ട് എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.

പിന്നെ, ഇപ്പോഴത്തെ മലയാള സിനിമാ പ്രതിസന്ധിയെ പറ്റിയാണെങ്കില്‍ ജഗതി പറഞ്ഞതിനോട് അനുകൂലിയ്ക്കാനാണ് തോന്നുന്നത്.

ബൈജു സുല്‍ത്താന്‍ said...

ഈ തര്‍ക്കങ്ങള്‍ക്കിടയിലും നല്ല സിനിമ സൃഷ്ടിക്കാന്‍ സിനിമാ പ്രവര്‍ത്തകരും അത് പ്രോല്‍സാഹിപ്പിക്കാന്‍ പ്രേക്ഷകരും മടിക്കാതിരിക്കട്ടെ...

വിന്‍സ് said...

ഈ പറയുന്ന യോഗ്യന്മാരൊക്കെ ഒരു മൂന്നു മാസം ശമ്പളമില്ലാതെ ജോലി ചെയ്യുമെങ്കില്‍ മമ്മൂട്ടിയും മോഹന്‍ ലാലും ചക്കാത്തില്‍ അഭിനയിക്കും.