"മോനെന്തിനാ, വെറുതെ ...",
മറുപടിയൊന്നും പറയാതെ വല്ലിമ്മാന്റെ മുഖത്തേക്കു കുറെ നേരം അങ്ങിനെ നോക്കിയിരിക്കും.
നോര്‍മലയാല്‍ പുറത്തേക്കിറങ്ങി ആടുകള്‍ക്ക് പ്ലാവില പെറുക്കി തിന്നാന്‍ കൊടുക്കും. ആടുകളൊക്കെ അവന്റെ ചുറ്റും കൂടും. ഓരോരോ ആടിനെ പിടിച്ച് വച്ച് അവയുടെ കഴുത്തു തടവി കൊടുക്കും. അവ കുറെ നേരം അങ്ങനെ നിന്നു കൊടുക്കും. ചെറിയ ആട്ടിന്‍കുട്ടികള്‍ തല ചെരിച്ച് അവന്റെ മേല്‍ പതുക്കെ കുത്തി അവരുടെ സ്നേഹം തിരിച്ചും പ്രകടിപ്പിക്കും.
അവനെ കണ്ടാല്‍ അപ്പം കാളിത്തള്ളയ്ക്ക് വെറ്റില കിട്ടണം. മേലെ വീട്ടില്‍ പോയി ഇളം വെറ്റില പൊട്ടിച്ചു കൊടുന്നു കൊടുത്താ തള്ളയ്ക്ക് നല്ല സന്തോഷായി. തള്ളേടെ പെരക്കുട്ട്യോളെയൊന്നും അതിന്നു കിട്ടൂല്ല.
പക്ഷെ വൈകുന്നേരായാല്‍ വീട്ടില്‍ പരാതിക്കാര്‍ അങ്ങനെ വരും, ഓരോരോ കേസുകളുമായി. എന്തെങ്കിലൊക്കെ പ്രശ്നങ്ങളുണ്ടാക്കീട്ടുണ്ടാവും. ഉപ്പാന്റെ ശിക്ഷ അവരുടെ മുന്നില്‍ വച്ചു തന്നെ നടപ്പാക്കിയാ പരാതിക്കരോരുത്തരും സമാധാനത്തോടെ തിരിച്ചു പൊയ്ക്കൊള്ളും.
ശിക്ഷ മാത്രമല്ല, നല്ല തെറിയും, "പന്നീ, നശിച്ചു പൊയാ മതിയാരുന്നു, കഴുത ..." ഉമ്മേം തിരിഞ്ഞു നോക്കൂല, വല്ലിമ്മ മാത്രം ... ആ വൃദ്ധ മനസ്സിന് അതൊന്നും താങ്ങാന്‍ പറ്റ്ണില്ല.
"അതിനെ അടിച്ചങ്ങട്ടു കൊന്നേക്ക്, ന്നാ സമാധാനായിക്കൊള്ളും ...ഈ പ്രായത്തില്‍ നീയും ..."
"ഈ തള്ളയാണ് ചെക്കനെ ബെടക്കാക്ക്ന്നത് ..."
അവന്റെ കേള്‍ക്കെ മറ്റുള്ളരോട് പറയും, "മൂത്തോന്‍ ആളുഷാറാ, ഇതിന്റെ കാര്യത്തിലാ ..., ഓരോരോ വിധീ "
കാലം കഴിയുന്തോറും സ്വഭാവം കൂടുതല്‍ വഷളായിക്കൊണ്ടിരുന്നു. പുഴയുടെ വക്കത്തിരുന്നു കളിക്കുന്ന ചീട്ടുകളി സംഘത്തില്‍ കൂടി. കുടിയും വലിയും എല്ലാം പഠിച്ചു. ശിക്ഷകളൊന്നും ഫലിക്കുന്നില്ല. ശിക്ഷയെ കായികമായി പ്രതിരോധിക്കുവാനുള്ള കരുത്ത് നേടിത്തുടങ്ങി. അവനോടു സ്നേഹത്തില്‍ പെരുമാറിയവരുടെ വാക്കുകള്‍ മാത്രം അവന്‍ കേട്ടിരിക്കും.
"നന്നാവണംന്നുണ്ട്, പക്ഷെ ..." ആ പക്ഷേകള്‍ക്ക് ശേഷമുള്ള വാക്കുകള്‍ ഒരിക്കലും മുഴുവനാക്കിയിട്ടില്ല, ഒരിക്കലും. പക്ഷേ, ആ വാക്കുകള്‍ ഞാന്‍ ഊഹിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തിരുന്നു. അതാണ് ഏത് മൂഡിലാണെങ്കിലും, എന്റെ മുന്നില്‍ തല താഴ്ത്തി നില്‍ക്കുന്നത്.
'സ്നേഹം അവന്നു കിട്ടിയിട്ടില്ല, അഭിമാനത്തിന്നു ക്ഷതം വരുത്തിയ ഒരു പാടനുഭവങ്ങളുണ്ട്. അവന്റെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്നു... ഒരു നിഷേധി . അല്ലെങ്കിലെന്തിനാ പെങ്ങളെ കാണാന്‍ വരുന്ന വിവരം അവനോടു പറയാതിരുന്നത്. ചെക്കന്റെ വീട്ടുകാരുടെ മുന്നില്‍ മുഖം കാണിക്കാതെ മാറി നില്‍ക്കേണ്ടി വന്നു. അവനെ മനസ്സറിഞ്ഞു സ്നേഹിക്കുന്ന പെങ്ങള്‍ക്ക് അവന്‍ കാരണം ഒരു പ്രശ്നം വരരുത്. മദ്രസ്സയില്‍ നിന്നെപ്പോലെയുള്ള അബൂജാഹിലുകളെ ശരിയാക്കാന്‍ ചൂരല്‍ കഷായത്തിനേ കഴിയൂ എന്ന് വിശ്വസിച്ച മുസ്ല്യാര്‍, ധിക്കാരിയും നിഷേധിയും പ്രവാചകന്റെ കൊടിയ ശത്രുവുമായിരുന്ന ഉമര്‍ പിന്നീട് സത്യവിശ്വാസം സ്വീകരിക്കാന്‍ ഹേതുവായ പ്രവാചക മാതൃകകള്‍ അവനെ പഠിപ്പിച്ചില്ല. സ്കൂളിലും രാധാകൃഷ്ണന്‍ മാഷിന് മാത്രമെ അവനെ മനസ്സിലാക്കന്‍ കഴിഞ്ഞൊള്ളൂ.'
***********************************
ബാബരീ മസ്ജിദ് തകര്‍ത്തപ്പോള്‍ പ്രധിഷേധ പ്രകടനങ്ങളില്‍ അവനും സുഹ്ര്‍ത്തുക്കളും പങ്കെടുത്തു. കടകളടപ്പിക്കാനും വാഹനങ്ങള്‍ തടയാനും നേതൃത്വം കൊടുത്തു. മുസ്ലീങ്ങളുടെ ശ്രത്രുക്കളെയൊന്നും വെറുതെ വിടരുതെന്ന് പറഞ്ഞു തുടങ്ങി.പിന്നീട് അവനില്‍ കുറെ മാറ്റങ്ങള്‍ വന്നു തുടങ്ങി. നമസ്കാരങ്ങളില്‍ കൃത്യമായി പങ്കെടുക്കാന്‍ തുടങ്ങി. തമാശകളും ചിരിയും കുറഞ്ഞു. മുഖത്തെപ്പോഴും ഗൌരവം ... പതിരാത്രികളില്‍ അവനെ കൊണ്ടു പോകാന്‍ പലരും ബൈക്കില്‍ വന്നു. സംസാരങ്ങളില്‍ 'പ്രതിരോധം' എന്ന വാക്കുകള്‍ പലപ്പോഴും അധികരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. ഗുജറാത്തിലെ മുസ്ലിംഹത്ത്യയെ കുറിച്ചും, കാശ്മീരിനെ കുറിച്ചും, പലസ്തീനെ കുറിച്ചും വൈകാരികമായി സംസാരിച്ചു.
ആദ്യമായി എന്റെ വാക്കുകള്‍ അനുസരിക്കാതിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. ഞങ്ങള്‍ടെ വീട്ടില്‍ തേങ്ങയിടുന്ന ഗോപാലനെ കുറിച്ചും തേങ്ങ പെറുക്കി കൂട്ടാന്‍ വരുന്ന ദാസേട്ടനെയും മക്കളെയും കുറിച്ചു ഞാന്‍ അവനോടു പറയാറുണ്ട്. എല്ലാവരും ശാഖയിലും, കായിക പരിശീലത്തിനുമൊക്കെ പോവാറുണ്ട്. തേങ്ങയിടല്‍ കഴിഞ്ഞാല്‍ എന്റെ ഉമ്മ തരുന്ന പുട്ടും കടലയും സുലൈമാനിയും ഞങ്ങളെല്ലാവരും കൂടി നിലത്തിരുന്നു കഴിക്കും. ഗോപാലന്റെ മോള്‍ടെ കല്യാണ ദിവസം, മുഹൂര്‍ത്തത്തിനു മുമ്പായി ഉമ്മയുടെ അനുഗ്രഹം വാങ്ങിയതും അവനോടു പറഞ്ഞു. സൂക്ഷിക്കണമെന്നാണ് എന്നെ അവന്‍ ഉപദേശിച്ചത്. അതെ, ഇപ്പോള്‍ അവന്‍ എന്നെയാണ് ഉപദേശിക്കുന്നത് !!
ഭരണകൂടങ്ങളും കോടതികളുമെല്ലാം നമുക്കെതിരാണെന്ന് അവന്‍ വിശ്വസിക്കുന്നു. ഗുജറാത്തില്‍ എത്ത്രയെത്ത്ര സഹോദരങ്ങളെയാണ് ചുട്ടു കരിച്ചത്. ഗര്‍ഭിണിയായ ഒരു സഹോദരിയുടെ ഉദരത്തില്‍ ത്രിശൂലം കുത്തിയിറക്കി, ഭ്രൂണം പുറത്തെടുത്ത് അവരെ ചുട്ടു കൊന്നു. ഭാരതാംബയുടെ കണ്ണിലെ കരടുകള്‍ ക്രൂരമായ രീതിയില്‍ നീക്കി കൊണ്ടിരിക്കുന്നു. പൈശാചിക വേഷങ്ങള്‍ കെട്ടിയ പ്രതികള്‍ നിയമത്തെ വെല്ലു വിളിച്ചു വിഹരിക്കുന്നു. ഇതിന്നെതിരെ പ്രതികരിക്കുന്നവര്‍ രാജ്യദ്രോഹികളും തീവ്രവാദികളുമായി മുദ്ര കുത്തപ്പെടുന്നു.
"നീ പറയുന്ന കാര്യങ്ങളെ അപ്പടി ഞാന്‍ നിഷേധിക്കുന്നില്ല, നമ്മള്‍ എല്ലാം മനസ്സിലാക്കിയ സത്യങ്ങള്‍ തന്നെയാണ്, പക്ഷേ നിയമത്തെ വെല്ലുവിളിച്ചു കൊണ്ടു വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ പ്രധിരോധിക്കാന്‍ നമ്മുടെ വിശ്വാസം നമ്മെ പഠിപ്പിക്കുന്നില്ല. ജിഹാദിന്നു നാം നമ്മുടെ നിര്‍വചനം കൊടുക്കരുത്. ജിഹദെന്നാല് വെറും സായുധ പ്രധിരോധമല്ല. സ്വന്തം ശരീരത്തിന്റെയും ആത്മാവിന്റെയും നീച വിചാരങ്ങള്‍ക്കും, സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കുമെതിരെയുള്ള സമരം, അതാണ് ജിഹാദിന്റെ പ്രഥമ ലക്ഷ്യം. പ്രതിസന്ധി ഘട്ടങ്ങളില്‍ വൈകാരികതക്കടിമപ്പെടാതെ സര്‍വ്വവും ദൈവത്തിലര്‍പ്പിച്ച് ക്ഷമ പാലിക്കുവാനുള്ള കഴിവ്, അത് അല്ലാഹുവിന്റെ പേരിലുള്ള ജിഹാദാണ്."
ഈ വാക്കുകളൊന്നും അവനുല്‍ക്കൊള്ളുന്നില്ല എന്ന് അവന്റെ മുഖഭാവത്തില്‍ നിന്നും വായിച്ചെടുക്കാമെങ്കിലും ഞാന്‍ തുടര്‍ന്നു.
"കാര്യങ്ങളെ വെറും സാമുദായികമായി മാത്രം കാണരുത്. നാം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചു നാം മാത്രമല്ല മറ്റു പലരും ബോധവാന്മാരാണ്. സഹോദര സമുദായത്തിലെ ഒരു പാടു നല്ല മനുഷ്യര്‍ തന്നെ പറയാറുണ്ട്, യഥാര്‍ത്ഥ വിശ്വാസികള്‍ ആക്രമണ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയില്ല, എന്ന്. നമ്മുടെ ആദര്‍ശവുമായി പൊരുത്തപ്പെടുന്നില്ലെങ്കിലും ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നാം പിന്തുണ കൊടുക്കുന്നതും അത് കൊണ്ടാണ്. "
***********************************
ഉം... ഒറ്റയിരുപ്പിന് കുറെ കാര്യങ്ങള്‍ പറഞ്ഞു. എനിക്കുറപ്പാ ഇതൊന്നും അവനില്‍ ഒരു മാറ്റോം ഉണ്ടാകീട്ടുണ്ടാവൂല.
പക്ഷേ, ആത്യന്തികതയുടെ മൂര്‍ത്ത രൂപം പ്രാപിച്ച്, തീവ്രവാദിയിലേക്കുള്ള പരിണാമഘട്ടങ്ങളില്‍, അവന്റെ മാതാപിതാക്കള്‍ക്കും, വേണ്ടപ്പെട്ടവര്‍ക്കും, ഭരണകൂടങ്ങള്‍ക്കും പിന്നെ നമ്മള്‍ക്കും അതിന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്നു ഒഴിഞ്ഞു നില്ക്കാന്‍ പറ്റോ?
***********************************