Jul 23, 2008

കരിക്കുലം

'എ' പഠിക്കാന്‍ മിടുക്കനായിരുന്നു.പാഠപുസ്തകങ്ങളായിരുന്നു അവന്റെ ലോകം.അധ്യാപകരുടെ പ്രിയപ്പെട്ടവന്‍. അവന്‍ പഠിച്ചു വലുതായി വല്ല്യ ഒരു കമ്പനീല് ജോല്യായി.

'ബി' സമരത്തിലും പോക്ക്രിത്തരത്തിലും മിടുക്കനായിരുന്നു. എപ്പോഴും അധ്യാപകരുടെ ഹിറ്റ്ലിസ്റ്റില്‍. അവന്‍ പാഠപുസ്തകങ്ങള്‍ കാര്യമായിട്ടൊന്നും പഠിച്ചില്ല. ഒരു വിധം പാസായി,വലുതായപ്പോ ഒരു ബിസിനസ്സും തുടങ്ങി.

ഒരിക്കല്‍ എന്റെ പേരും പറഞ്ഞു കുറച്ചു വിദ്യാര്‍ത്ഥികള്‍ 'എ' യെ കാണാന്‍ പോയി. അവര്‍ക്ക് പ്രൊജക്റ്റ്‌ വോര്‍ക്കിലേക്ക് ആവശ്യമുള്ള കുറച്ചു കാര്യങ്ങള്‍ 'എ' യുടെ അടുത്ത്നിന്നു പഠിക്കണം. ഞാന്‍ വിട്ടത് കൊണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പായിരുന്നു, അവന്‍ ഹെല്പ് ചെയ്യാതിരിക്കില്ല. പക്ഷെ 'എ' പറഞ്ഞു "നോ വേ, എന്നെയൊന്നും ആരും ഹെല്പ് ചെയ്തിട്ടല്ല ഇവിടെ എത്തിയത്. " 'എ' നല്ല പണിത്തിരക്കിലയിരുന്നതിനാല്‍ അവര്‍ കൂടുതല്‍ അവിടെ നിന്നില്ല. അടുത്ത ബസിനു തിരിച്ചു.

ഞാനൊരിക്ക്യെ കൊല്ലത്ത് ഒരു ഇന്റര്‍വ്യൂവിനു പോകുന്നതിന്റെ തലേ ദിവസം 'ബി'ക്ക് വിളിച്ചു. "ഞാന്‍ നാളെ നിങ്ങടെ നാട്ടില്‍ വരുന്നുണ്ട്." പിറ്റേ ദിവസം രാവിലെ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിരങ്ങിയപ്പോ 'ബി' എന്നെ കാത്തു നില്ക്കുന്നു. അവന്റെ മാരുതി കാറില്‍ (അന്ന് മാരുതി വല്ല്യ ആള്‍ക്കാര് മാത്രേ ഉപയോഗിക്കൂ ..!) വീട്ടിലേക്ക് കൊണ്ടു പോയി ...ഭക്ഷണം തന്നു .. ഇന്റര്‍വ്യൂ സ്ഥലത്ത് കൃത്യമായി എത്തിച്ചു. അത് കഴിയുന്നത്‌ വരെ കാത്തിരുന്നു. വൈകിട്ട് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു.

***********************************

ഞങ്ങടെ നാട്ടിലെ കോയാക്ക എപ്പോഴും പറയുന്ന ഒരു വാക്കുണ്ട് "ഇതൊന്നും ഇങ്ങള് പഠിക്കുന്ന പോസ്തകതിലുണ്ടാവൂലാ." എന്നാലും മൂപ്പര്‍ മക്കളെയൊക്കെ നന്നായി പഠിപ്പിച്ചു. പോസ്തകത്തില്‍ പഠിക്കാത്ത കാര്യങ്ങള്‍ മൂപ്പരും പഠിപ്പിച്ചു. ... എല്ലാര്‍ക്കും നല്ല ജോലി !

പിറ്റേ ദിവസം രാവിലെ ട്രെയിനിറങ്ങിയപ്പോ, കൊയാക്കന്റെ മൂത്ത മകന്‍ ബഷീര്‍ അതില്‍ കയറാന്‍ നില്ക്കുന്നു .. കൂടെ ഞങ്ങടെ അയല്‍വാസി വൃദ്ധയായ മീനാക്ഷിയമ്മയും മോനും ...
"എങ്ങട്ടാ"
"മെഡിക്കല്‍ കോളേജില്‍ക്കാ, അമ്മനെ ഒന്നു ഡോക്ടറെ കാണിക്കണം"
"അപ്പൊ ബഷീര്‍ ഓഫീസില്‍ ലീവ് എടുത്തു കാണും, ല്ലേ " എന്ന് ഞാന്‍ ചോദിച്ചില്ല.

യാത്രക്കാരെ ലക്ഷ്യസ്ഥാനെത്തെത്തിക്കുവാനുള്ള വ്യഗ്രതയില്‍ ട്രെയിന്‍ പെട്ടെന്ന് തന്നെ കിതച്ചാണെങ്കിലും നീങ്ങിത്തുടങ്ങിയിരുന്നു.

***********************************

1 അഭിപ്രായങ്ങള്‍:

Rajeeve Chelanat said...

നല്ല തുടക്കം നവാസ്. നമ്മള്‍ പന്തയക്കുതിരകള്‍ക്കും എന്തെങ്കിലുമൊക്കെ പറയാനുണ്ടെന്ന് മറ്റുള്ളവരെ അറിയിക്കുന്നതും ഒരു രാഷ്ട്രീയപ്രയോഗമാണ്. നമുക്കും ഒരു പാഠം. കോയക്ക പറഞ്ഞതുപോലെ, അതൊന്നും ‘കുട്ട്യോള്‍ടെ പൊത്തകങ്ങളില്‍ കാണൂ‍ലാ’ എന്നാലും അതൊക്കെ എന്നെങ്കിലും, ആരെങ്കിലുമൊക്കെ പഠിക്കാനും പ്രയോഗിക്കാനും നോക്കും.

അഭിവാദ്യങ്ങളോടെ