മയിലാഞ്ചിയിട്ട കൈ മലര്‍ത്തി വച്ച് ഉപ്പയെയും കാത്തിരുന്ന്‍ ഹഫ്സ ഉറങ്ങിപ്പോയി. പെരുന്നാളുടുപ്പ് വാങ്ങിക്കാന്‍ പോയതാണ് ഉപ്പ. കുട്ടികള്‍ക്കല്ലേ പെരുന്നാള്‍. പുത്തനുടുപ്പിട്ട് അത്തറ് പൂശി ..! അയല്‍പക്കത്തെ ആരിഫയാന്റി മയിലാഞ്ചിയിട്ട് കൊടുത്തു ഹഫ്സ മോള്‍ക്ക്. കൊച്ചു കൈകളില്‍ കുറെ ചിത്രങ്ങളില്‍ മയിലഞ്ചിയിട്ട് അവളുടെ പെരെഴുതിയപ്പോ സന്തോഷായി. ഉപ്പാക്ക് ഉടുപ്പിന്റെ മോഡല്‍ ഒക്കെ പറഞ്ഞു കൊടുത്ത് പറഞ്ഞയച്ചതാണ്.
മകളെ മടിയില്‍ കിടത്തി തുറന്ന്‍ വച്ച ജനലിലൂടെ ദൂരേക്ക് നോക്കി ഉമ്മ കാത്തിരുന്നു. മിക്കവാറും ദിവസങ്ങളില്‍ വൈകിയാണ് ഖാലിദ് വീട്ടില്‍ വരാറ്. ബിസിനസിന്റെ ബിസി എന്നാണ് പറയാറെങ്കിലും, കടക്കാരുടെ ഇടപാട് തീര്‍ക്കാനുള്ള നേട്ടോട്ടത്തിലായിരിക്കും ഇക്ക എന്ന് അവള്‍ മനസ്സിലാക്കി കഴിഞ്ഞിരുന്നു. എത്ര കാലായി ..കടവും കള്ളിയും.. ഒന്നും ആരോടും തുറന്ന്‍ പറയുകയുമില്ല. വിഷമങ്ങളെല്ലാം ഉള്ളിലൊതുക്കും. പറഞ്ഞിട്ട് കാര്യമൊന്നുമില്ലായെന്ന് ഖാലിദിന്നറിയാം. ഇതൊരു പാവം, എന്തിന് അതിനെക്കൂടി വിഷമിപ്പിക്കണം.
വാതിലിലെ മുട്ട് കേട്ട് തുറന്നപ്പോ, ആരിഫ .."നീയെന്താ ഈ പാതിരാക്ക് .?".
ഖാലിദ്‌ക്കാനെ അഡ്മിറ്റ് ചെയ്തിരിക്കുന്നു.. ഫോണുണ്ടായിരുന്നു, മീനാക്ഷി സിസ്റ്റരുടെ, പേടിക്കാനൊന്നുമില്ലാന്ന്‍ പറഞ്ഞു. ഒരു തലചുറ്റല്‍ തോന്നിയപ്പോ കാണിച്ചതാ .."
ആരിഫയുടെ ഉപ്പ മുനീറും ഖാലിദും ഒന്നിച്ച് തുടങ്ങിയതാണ് ബിസിനസ്. ക്ലച്ച് പിടിച്ചില്ല... ലോണ്‍ തന്നെ അടച്ച് വീട്ടിയിട്ടില്ല. കടം പെരുകി. ഉള്ള സ്വര്‍ണമൊക്കെ വിറ്റിട്ടും പലിശക്കുള്ളതിനു തന്നെ തികഞ്ഞില്ല. ഇടപാടുകാരുടെ ഇടപെടലുകളില്‍ പൊറുതി മുട്ടിയപ്പോ മുനീര്‍ ഒരു വിസ സംഘടിപ്പിച്ച് ദുബായിലേക്ക് പറന്നു. വന്നിട്ട് നാല് വര്‍ഷമായി. കാര്യമായ പുരോഗതിയൊന്നുമില്ല. ഒരു ചെറിയ കമ്പനിയില്‍, തുഛ വരുമാനം...ലേബര്‍ ക്യാമ്പില്‍ താമസം. ഒരു സ്വസ്ഥതയുമില്ല. എപ്പോഴും പറയും മുനീര്‍, എന്നാലും കുറെ പാഠങ്ങള്‍ പഠിച്ചു, മനുഷ്യ ബന്ധങ്ങളില്‍ പണത്തിന്റെ സ്വാധീനം... അത് വേണം, അതുണ്ടെങ്കില്‍ എല്ലാവരും കൂടെയുണ്ടാകും, കുടുംബക്കാരും ബന്ധക്കാരുമടക്കം. ലേബര്‍ ക്യാമ്പില്‍ വെള്ളിയാഴ്ച്ച രാവുകളില്‍ ഇത്തരം ചര്‍ച്ചകള്‍ വരും. വിഷമങ്ങള്‍ പങ്കു വക്കുമ്പോള്‍ തെല്ലൊരാശ്വാസം കിട്ടും. വൈകിയുറങ്ങുന്ന രാവുകളില്‍ നാട്ടിലേക്കും വീട്ടിലേക്കും സ്വപ്നസഞ്ചാരം നടത്തും.
ഈദ്‌ഗാഹില്‍ നിന്ന് വരുമ്പോ 'ഈദാശംസകള്‍' പറയാന്‍ വേണ്ടി വീട്ടിലേക്ക് വിളിച്ചപ്പോള്‍ ആണ് ഖാലിദിനെ അഡ്മിറ്റ് ചെയ്ത വിവരം മുനീര്‍ അറിയുന്നത്. പാവം, ഒരു പാട് സഹിക്കുന്നുണ്ടാവും. പണത്തിന്റെ അടവ് തെറ്റിയാല്‍ ബാവക്കാന്റെ വായിലുള്ളത് കേട്ട തന്നെ പ്രെഷര്‍ കൂടും. ഒരു ദയയുമില്ലാത്ത ജാതി. തന്റെ വീട്ടില്‍ വന്നു ഭാര്യയെയും ബുദ്ധിമുട്ടിക്കാറുണ്ടെത്രേ ... ആരോട് പറയും? പറഞ്ഞാ പറയും, അവരാര് ഉണ്ടാക്കി വച്ചത് അവരവര്‍ തന്നെ അനുഭവിക്കട്ടെ എന്ന്‍. കാക്കണേ തമ്പുരാനേ ...വല്ലാതെ പരീക്ഷിക്കല്ലേ നാഥാ ...
വീണ്ടും വീട്ടിലേക്ക് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. ആരിഫയാണ് ഫോണെടുത്തത്. വീടിലുണ്ടായിരുന്ന ഒരു ഉടുപ്പ് ഹഫ്സ മോള്‍ക്ക് കൊടുത്തു. ഉപ്പ ആശുപത്രിയിലുള്ളത് അവളറിഞ്ഞിട്ടില്ല. അവള്‍ പറഞ്ഞ മോഡല്‍ മേടിക്കാന്‍ കോഴിക്കോട് പോയതാണെത്രെ. ഉടുപ്പുമായിട്ടേ ഉപ്പ വരൂ. അവളുടെ ഉമ്മ രാവിലെ തന്നെ ഹോസ്പിറ്റലില്‍ പോയി. ആരിഫാന്റി ഉണ്ടെങ്കില്‍ ഹഫ്സ മോള്‍ക്ക് പിന്നെ ആരും വേണമെന്നില്ല.
റൂമിലുള്ളവര്‍ ഹത്തയിലേക്ക് പെരുന്നാള്‍ ആഘോഷിക്കാന്‍ പോകാനുള്ള തിരക്കിലാണ്. അവരുടെ ക്ഷണം മുനീര്‍ നിരസിച്ചു. ഒരു ടൂറിനുള്ള മൂഡില്‍ അല്ലാ എന്ന് മനസ്സിലാകിയപ്പോ അവര്‍ നിര്‍ബന്ധിച്ചില്ല.
പാതിമയക്കത്തില്‍ ആരിഫയുടെ മിസ്ഡ് കാള്‍ വന്നപ്പോ ഞെട്ടിയുണര്‍ന്നു. തിരിച്ച് വിളിച്ചപ്പോള്‍ അങ്ങേ തലക്കല്‍ നിന്ന് തേങ്ങല്‍ മാത്രം ...
പിന്നീട് മനസ്സിലായി, ഹഫ്സ മോള്‍ക്കുള്ള ഉടുപ്പുമായി ഇനി ഖാലിദ് വരില്ല. അവന്‍ പോയി, ഇടപാടുകാരുടെ ശല്യമില്ലാത്തയിടത്തേക്ക് അന്ത്യയാത്രയായി ...
"നാഥാ, അവന്റെ എല്ലാ പാപങ്ങളും പൊറുത്ത് കൊടുക്കേണമേ ..."
8 അഭിപ്രായങ്ങള്‍:
എന്നാലും കുറെ പാഠങ്ങള്‍ പഠിച്ചു, മനുഷ്യ ബന്ധങ്ങളില്‍ പണത്തിന്റെ സ്വാധീനം... അത് വേണം, അതുണ്ടെങ്കില്‍ എല്ലാവരും കൂടെയുണ്ടാകും, കുടുംബക്കാരും ബന്ധക്കാരുമടക്കം. ലേബര്‍ ക്യാമ്പില്‍ വെള്ളിയാഴ്ച്ച രാവുകളില്‍ ഇത്തരം ചര്‍ച്ചകള്‍ വരും. വിഷമങ്ങള്‍ പങ്കു വക്കുമ്പോള്‍ തെല്ലൊരാശ്വാസം കിട്ടും.
നൊമ്പരപ്പെടുത്തിയ പോസ്റ്റ്...
പെരുന്നാള്‍ ആശംസകള്‍..
നൊമ്പരത്തില്‍ ചാലിച്ച എഴുത്ത്
ആശംസകള്‍
ഇത്രയേ പറയാനുള്ളു.
"നാഥാ, അവന്റെ എല്ലാ പാപങ്ങളും പൊറുത്ത് കൊടുക്കേണമേ ..."
വിഷമിപ്പിച്ചു .:(
എന്ത് ചെയ്യാം സുഹൃത്തേ..സമയം ആയാല്‍ ഒരു സെക്കന്‍റ് അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റാന്‍ നമുക്കാവില്ലല്ലോ.നാഥന്‍ അദ്ധേഹത്തിന്‍റെ എല്ലാ പാപങ്ങളും പൊറുത്ത് കൊടുക്കട്ടെ.ആമീന്‍
നൊമ്പരപ്പെടുത്തിയ പോസ്റ്റ്...
ഹൃദയസ്പര്‍ശിയായ വരികള്‍
Post a Comment