Sep 15, 2010

ജീവിതത്തിന്റെ വ്യാകരണനിയമങ്ങളിലും കോമ ഒരു അര്‍ദ്ധ വിരാമ ചിഹ്നം തന്നെയാണ്.

ജീവിതത്തിന്റെ വ്യാകരണനിയമങ്ങളിലും കോമ ഒരു അര്‍ദ്ധ വിരാമ ചിഹ്നം തന്നെയാണ്. ചലനമറ്റ ശരീരവുമായി ബാഹ്യലോകവുമായി പ്രതികരണം നഷ്ടപ്പെടുന്ന ഒരവസ്ഥ. എന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥി, അവന്‍ ആശുപത്രി കിടക്കയില്‍ പുറംലോകവുമായി ബന്ധമില്ലാതെ കിടക്കാന്‍ തുടങ്ങിയിട്ട് വര്ഷം ഒന്ന് കഴിഞ്ഞു. പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുകയാണ്‌ അവന്റെ നിഷ്കളങ്കമായ സ്നേഹം അനുഭവിച്ചറിഞ്ഞവര്‍; മൈലുകല്‍ക്കിപ്പുറം ഈയുള്ളവനും.

സ്നേഹത്തിന്‍റെ ഊഷ്മളതയും ബന്ധങ്ങളുടെ തീവ്രതയും നാം തിരിച്ചറിയുന്നത് ജീവിത യാത്രയിലെ  ഇത്തരം ചില അര്‍ദ്ധവിരാമ വേളകളിലാണ്. ബന്ധങ്ങളുടെ കണ്ണികളില്‍ കാലം തീര്‍ക്കുന്ന  വിടവുകള്‍ ... നാമോര്‍ക്കുക, തിരക്ക്‌ പിടിച്ച ജീവിതവ്യാപാരങ്ങള്‍ക്കിടക്ക് പലതും നമുക്ക്‌ നഷ്ടപ്പെടുന്നുണ്ട്.

കക്ഷിരാഷ്ട്രീയത്തില്‍ പെട്ടവര്‍ക്ക്‌ മാത്രം ജയിച്ച് കയറാവുന്ന യുണിയന്‍ ജനറല്‍ സീറ്റുകളില്‍ എങ്ങനെ അവന്‍ ചരിത്രം തിരുത്തിയ ഭൂരിപക്ഷവുമായി ജയിച്ചു കയറി?  അതും തുടര്‍ച്ചയായി രണ്ടു വര്‍ഷങ്ങളില്‍... ! ചിരിക്കാന്‍ മാത്രമറിയുന്ന അവന്റെ മനസ്സിന്റെ അകക്കാമ്പ്‌ അറിഞ്ഞവര്‍ക്ക് മറ്റു ബന്ധങ്ങള്‍ ഒരു തടസ്സമായില്ല.

മാഗസിന്‍ എഡിറ്റര്‍ ആയി തെരഞ്ഞെടുത്തപ്പോള്‍ എന്റെയടുത്ത് വന്നു അവന്‍ പറഞ്ഞു... ഇനിയെല്ലാം സാറിന്റെ കൈകളിലാണ് ...! അവന്റെ പ്രതീക്ഷകള്‍ കാക്കാനുള്ള പിന്നീടുള്ള എന്റെ  ശ്രമങ്ങള്‍ ... മാഗസിനില്‍ പകര്‍ത്തേണ്ട ബന്ധത്തിന്റെ ഉദാത്തമായ വാചകങ്ങള്‍ മനസിലും പകര്ത്താന്‍ കഴിഞ്ഞത് അത് കൊണ്ടായിരിക്കാം...

ജീവിതത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തപ്പോള്‍ ഇനി വിശ്രമമില്ല എന്നായിരുന്നു അവന്‍ തീരുമാനിച്ചത്. കാരണം സാമൂഹിക സേവനത്തിന്റെ ഒരു മനസ്സ്‌ അവനുണ്ടായിരുന്നു. അവര്‍ക്കെങ്ങിനെ വിശ്രമിക്കാന്‍ തോന്നും...അശരണരുടെ, അഗതികളുടെ, അബലരുടെ ജീവിതപ്രശ്നങ്ങള്‍, അവരുടെ ദുരിത ദുഃഖങ്ങള്‍ അകറ്റുവാനുള്ള അക്ഷീണ പരിശ്രമം ...

അത്തരം ഒരു യാത്രയിലാണല്ലോ അത് സംഭവിച്ചത്‌...ഒരു അര്‍ദ്ധ വിരാമം ...

നിങ്ങള്‍ അവന്നു വേണ്ടി പ്രാര്‍ഥിക്കണം... എന്റെ പ്രിയപ്പെട്ട വിദ്യാര്‍ഥിക്ക് വേണ്ടി ...

കണ്ണീരോടെ,
ഓപണ്‍ തോട്സ്.

Sep 14, 2010

മതം, വിശ്വാസം: വേണ്ടത് ഒരു തുറന്ന സമീപനം - ഭാഗം 2...

മതങ്ങള്‍ യഥാര്ത്ഥ വിശ്വാസത്തിന്റെ അന്തസത്ത നഷ്ടപ്പെടുത്തുമ്പോള്‍ തെറ്റിദ്ധരിക്കപ്പെടുന്നുണ്ട് എന്നത് അംഗീകരിക്കുക തന്നെ വേണം. അന്ത വിശ്വാസങ്ങളും, അനാചാരങ്ങളും, പൌരോഹിത്യവും, ചാതുര്‍വര്‍ണ്യവും ...ഇവയെല്ലാം സൃഷ്ടിക്കുന്ന കപട മതം ഭയാനകം തന്നെ ....


മതത്തിന്നു ചില മതിലുകള്‍ പണിത്‌ സ്വകാര്യതയുടെ ചില സ്വാര്ത്ഥ് രൂപം നല്കി നാം. പ്രസ്തുത താലപര്യങ്ങള്ക്ക് മുന്തൂക്കം നല്കി്യപ്പോള്‍ നിലപാടുകളിലും ഇടപാടുകളിലും കാപട്യം പ്രകടമായി. ഈ ദുരവസ്ഥ പൌരോഹിത്യം ശരിക്കും ചൂഷണം ചെയ്തു. ആചാരങ്ങള്‍ അനാചാരങ്ങളായി, വിശ്വാസങ്ങളില്‍ കലര്പ്പ് കടന്ന് അന്തവിശ്വാസം വര്ദ്ധിച്ചു. ചരിത്രത്തിന്റെ തനിയാവര്ത്ത്നം എന്നോണം രാഷ്ട്രീയവും മതമേലാളന്മാരുമായുള്ള അവിഹിത ബന്ധങ്ങള്‍ സംജാതമായി. സൃഷ്ടാവിനു അടിമപ്പെടണമെന്ന അടിസ്ഥാന തത്വം സാമ്പത്തിക താല്പര്യങ്ങളക്ക ടക്കമുള്ള താല്പര്യങ്ങള്ക്ക് കീഴടങ്ങി.

വായിക്കാനുള്ള പ്രഥമ ദിവ്യ സന്ദേശം ലഭിച്ച പ്രവാചകന്റെ അനുയായികള്‍ പ്രവാചകസരണി പിന്തുടര്ന്നില്ല. അത് കൊണ്ട് തന്നെ പഠനകാര്യങ്ങളിലെ പിന്നോക്കാവസ്ഥ സത്യത്തില്‍ ഒരു തരത്തില്‍ വൈരുദ്ധ്യമാണ്‌. നിങ്ങള്‍ ചിന്തിക്കുന്നില്ലേ എന്ന് പലവുരു ആവര്ത്തിച്ച ദിവ്യവചനങ്ങള്‍ ഉള്‍ക്കൊള്ളാത്തത് വിശ്വാസത്തെ അവഗണിക്കലാണ്.

മാനവസമൂഹത്തിന്റെ സന്മാര്ഗ്ഗ ദര്‍ശനമാകേണ്ടിയിരുന്ന വേദഗ്രന്ഥങ്ങള്‍ മതിലുകള്‍ക്കുള്ളില്‍ മാത്രമൊതുക്കി കെട്ടിപ്പൂട്ടി വച്ചു. പ്രകാശം പരത്തേണ്ട ആശയങ്ങള്‍ ഇരുട്ടില്‍ക്കിടന്ന്‍ നിര്ജജീവമായി. പരിശുദ്ധ ഖുറാന്‍ അന്യ മതസ്ഥര്‍ തൊട്ടാല്‍ കണ്ണു പൊട്ടുമെന്നത് മതത്തിന്റെ ശാസനയല്ല. ഉപര്യുക്ത സ്വാര്ത്ഥ  വിചാരങ്ങളില്‍ നിന്നുമുടലെടുത്ത കപട വിശ്വാസങ്ങളുടെ പരിണിതഫലം മാത്രം.

ഏഴുത്തിന്റെ കൈപുണ്യത്താല്‍ അനുഗ്രഹീതനായ ശ്രീ. വാണിദാസ് എളയവൂര്‍ പരിശുദ്ധ ഖുര്‍ആനു മുന്നില്‍ വിനയാന്വിതനാവുകയും അതിന്റെ ലളിതസാരം നമുക്ക്‌ നല്കുകയും ചെയ്തത്‌, വിശ്വാസത്തിന്റെ വൈകൃതവല്ക്കരണത്തിന്റെ ഇരയാവുകായും, പിന്നീട് സത്യം തിരിച്ചറിയണമെന്ന ഒരു ദൃഢനിശ്ചയത്തില്‍ നിന്നുമായിരുന്നു. ‘ഞങ്ങളുടെ’ ഗ്രന്ഥം നിങ്ങള്‍ തൊട്ടാല്‍ കണ്ണു പൊട്ടുമെന്നു അദ്ദേഹത്തെയും തെറ്റിദ്ധരിപ്പിച്ചിരുന്നു സഹപാഠിയായ മുസ്ലിം സുഹൃത്ത്.

നാമം കൊണ്ടും വേഷഭൂഷാദികള്‍ കൊണ്ടും അല്ല വിശ്വാസികളെ തിരിച്ചറിയേണ്ടത്, കര്മ്മം കൊണ്ടാണ്. മതത്തെ നിഷേധിക്കുന്നവനെ നീ കണ്ടോ? എന്ന് ഖുറാന്‍ ചോദിക്കുന്നു. ആരെ ക്കുറിച്ചാണിത്. നമസ്കരിക്കുന്നവരെ കുറിച്ച തന്നെ, പക്ഷെ അവന് അനാഥയെ ആട്ടിയകറ്റുന്നവനാണ്; അഗതിയുടെ അന്നം കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവനും.

തൊട്ടു കൂടായ്മയും തീണ്ടിക്കൂടായ്മയും, പള്ളി ഭരണവും, പൌരോഹിത്യവും, അന്ത വിശ്വാസങ്ങളും, കൈ വെട്ടലും കാല്‍ വെട്ടലും ഇതൊന്നുമല്ല മതം. മതത്തെയും വിശ്വാസത്തെയും ശുദ്ധീകരിക്കണമെന്നു തോന്നുന്നവര്‍ അതിന്നു പുറത്ത്‌ വന്നു വിമര്‍ശിക്കലല്ല യുക്തി. വിശ്വാസത്തിന്റെ വെളിച്ചമുള്‍ക്കൊണ്ട ജീവിത മാതൃകകളിലൂടെയാണ്‌ അത് പ്രകടമാക്കേണ്ടത്..

(തുടരും)

Sep 8, 2010

..:: ഈദുല്‍ ഫിതര്‍ ആശംസകള്‍ ::..

ഇതു തയ്യാറാക്കി തന്നത് എന്‍റെ സുഹൃത്ത് ആശിഷ്.













Sep 6, 2010

മതം, വിശ്വാസം: വേണ്ടത് ഒരു തുറന്ന സമീപനം - ഭാഗം 1

അറിയപ്പെടുന്ന ബ്ലോഗര്‍ ആയ സുകുമാരന്‍ സാറിന്റെ ഒരു ബ്ലോഗില്‍ നടന്ന വളരെ ആരോഗ്യപരമായ സംവാദം (http://kpsukumaran.blogspot.com/2010/08/blog-post_22.html), പക്ഷെ പലരും മതം, വിശ്വാസം എനീ കാര്യങ്ങളിലെ വികലമായ ചില തെറ്റിദ്ധാരണകള്‍ പുലര്‍ത്തുന്നത് കൊണ്ട് മതമാണ്‌ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം എന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചു. പക്ഷെ ഈ വിഷയങ്ങളില്‍ ഒരു തുറന്ന സമീപനം വേണമെന്ന് ഓപണ്‍ തോട്സ് കരുതുന്നു.

**************

നല്ല ഒരു കുടുംബം, അച്ഛനും അമ്മയും മൂന്നു മക്കളും ..എല്ലാ കാര്യങ്ങളിലും നല്ല ചിട്ട, നല്ല പെരുമാറ്റം, ജാതി മത ഭേദമന്യ എല്ലാവരോടും നല്ല ബന്ധം, അനുസരണയുള്ള മക്കള്‍. അയല്‍പക്കക്കാരും അടുത്തരിയുന്നവരും എപ്പോഴും പറയും ...അയാളെ കണ്ടേ പഠിക്കണം...  ആ സ്ത്രീയെ കണ്ട് പഠിക്കണം .. ആ മക്കളെ കണ്ട് പഠിക്കണം ... 

അവരോട് അടുത്തറിഞ്ഞാല്‍ അറിയാം, അവരുടെ കുടുംബ ജീവിതത്തില്‍ ഒരു വ്യവസ്ഥയുണ്ട്. എല്ലാ കാര്യങ്ങളും കുടുംബ നാഥനെ കേന്ദ്രീകരിച്ചാണ് നീങ്ങുന്നത്. അദ്ദേഹം എല്ലാ കാര്യങ്ങളും കണ്ടറിയുന്നു, ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കുന്നു, നിയന്ത്രങ്ങള്‍ വേണ്ട സ്ഥലങ്ങളില്‍ അത് പാലിക്കുന്നു, കുടുംബ യോഗങ്ങളില്‍ പരസ്പരം തുറന്നു സംസാരിക്കുന്നു. നന്മ ആര്ജ്ജിക്കെണ്ടതിനെ കുറിച്ച്, തിന്മ വര്‍ജ്ജിക്കെണ്ടതിനെ കുറിച്ച് ..സഹജീവികളുമായുള്ള ബന്ധത്തെ കുറിച്ച്, അയല്പക്കത്തുള്ളവരെ സ്നേഹിക്കെണ്ടതിനെ കുറിച്ച് ...ടെലിവിഷനില്‍ ഹെയ്തിയിലെ ഭൂകമ്പം കണ്ട്കൊണ്ടിരിക്കെ, അടുത്ത ചാനലില്‍ അതേ സമയത്തുള്ള റിയാലിറ്റി ഷോ കാണണമെന്ന് പറഞ്ഞ മകളോട്, അവളെ സമീപത്തേക്ക് വിളിച്ചു വ്യക്തമായ കാരണങ്ങള്‍ സഹിതം നിരുത്സാഹപ്പെടുത്തിയപ്പോള്‍ വലിയ ഒരു സന്ദേശമാണ് നല്‍കിയത്...സഹജീവികളോടുള്ള ആര്‍ദ്രതയുടെ, സാമൂഹിക സേവനത്തിന്റെ ഫലങ്ങള്‍ ...അല്ലാതെ ഭൌതികതയുടെ നൈമിഷിക സുഖങ്ങള്‍ അല്ല നാം ആഗ്രഹിക്കെണ്ടത്.

അപ്പോള്‍ തങ്ങളെ സംരക്ഷിക്കുന്ന, സന്മാര്‍ഗത്തിന്റെ മാര്‍ഗത്തില്‍ നയിക്കുന്ന കുടുംബ നാഥനെ അനുസരിച്ച്  ജീവിക്കുമ്പോള്‍ അവരുടെ ജീവിതത്തില്‍ ഒരു വ്യവസ്ഥയുണ്ടാകുന്നു. ഉദാത്തമായ ഒരു ജീവിത വ്യവസ്ഥ.

അപ്പോള്‍ സര്‍വലോക രക്ഷിതാവായ ഒരു നാഥനില്‍ നാം വിശ്വസിക്കുന്നുവെങ്കില്‍, അവനെ അനുസരിച്ച് ജീവിക്കുമ്പോള്‍ സംജാതമാകുന്ന ഒരു ജീവിത വ്യവസ്ഥ, മതത്തെ നമുക്ക് അങ്ങനെ നിര്‍വചിക്കാം. പ്രപഞ്ച സൃഷ്ടികളില്‍ ശ്രേഷ്ടരായ മനുഷ്യര്‍ പോലും പരാശ്രയരാകുമ്പോള്‍ സകല ചരാചരങ്ങളെയും നിയന്ത്രിക്കുന്ന ശക്തി ...അതല്ലേ നമ്മെ നിയന്ത്രിക്കുന്നത്. ഒരു കേന്ദ്രീകൃത ശക്തിയുടെ നിയന്ത്രണത്തിന്‍ കീഴിലുള്ള ഒരു പ്രപഞ്ച വ്യവസ്ഥ. ഇവിടെ ചിട്ട, വ്യവസ്ഥ എല്ലാം അനുസരണയുടെ ഫലമായി ഉണ്ടാകുന്നതാണ്.

ചുരുക്കത്തില്‍ നമ്മുടെ രക്ഷിതാവിനോടുള്ള അനുസരണ,  അതനുസരിച്ചുള്ള ഒരു ജീവിത വ്യവസ്ഥ, അതാണ്‌ മതത്തിന്‍റെ കാതല്‍ ... അതിലെവിടെയാണ് അപകടം  നിറഞ്ഞു നില്‍ക്കുന്നത് ..!!!

നമുക്ക് ചര്‍ച്ച ചെയ്യാം ...

(ഇനി ഈ വിശ്വാസത്തെ സ്ഥാപിതവല്ക്കരിക്കാനും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചപ്പോഴും ഉണ്ടായ ഭവിഷ്യത്ത് അതും ഗുരുതരമായിരുന്നു...ഭാഗം 2 ല്‍ ഇത് വിവരിക്കുന്നുണ്ട് ...)

Sep 2, 2010

30, 45 ആകുമ്പോള്‍ സംഭവിക്കുന്നത് ...!!!

45 ന്ന് വേണ്ടി നിര്‍ബന്ധം പിടിക്കുന്നവരുടെ
ഉദ്ദേശശുദ്ധി ആരെങ്കിലും സംശയിച്ചാല്‍
അവരെ കുറ്റപ്പെടുത്താന്‍ നമുക്ക് കഴിയുമോ ?

Jul 5, 2010

ഇത് കാടത്തം തന്നെ ...!

കോളജ് അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റി



***************
പ്രതികാരമല്ല, വിട്ടുവീഴ്ചയാണ് വിജയത്തിന് വഴിയൊരുക്കുകയെന്ന് നബിതിരുമേനി പഠിപ്പിച്ചു. തന്നെ വധിക്കാന്‍ വാളൂരിയവന്റെ കഥകഴിക്കാനവസരം ലഭിച്ചിട്ടും മാപ്പുനല്‍കി വിട്ടയച്ചു. ശരീരത്തില്‍ എന്നും ചപ്പുചവറിട്ടുകൊണ്ടിരുന്ന ജൂതപ്പെണ്‍കുട്ടിക്ക് മാപ്പ് നല്‍കുകയും അവള്‍ രോഗബാധിതയായപ്പോള്‍ അനുയായികളോടൊന്നിച്ച് സന്ദര്‍ശിച്ച് രോഗശമനത്തിന് പ്രാര്‍ഥിക്കുകയും ചെയ്തു. വിഷം പുരട്ടിയ വാളുമായി കൊല്ലാന്‍ വന്ന ഉമൈറുബ്നു വഹബിനും അയാളെ അതിനു നിയോഗിച്ച സ്വഫ്വാനുബ്നു ഉമയ്യക്കും മാപ്പേകി വെറുതെ വിട്ടു. ഒടുവില്‍ മക്കാ വിജയവേളയില്‍ തന്റെ മുമ്പില്‍ ബന്ദികളായികൊണ്ടുവരപ്പെട്ട ശത്രുക്കളോടായി പ്രവാചകന്‍ പറഞ്ഞു: "ഇന്ന് നിങ്ങള്‍ക്കെതിരെ പ്രതികാരമില്ല. നിങ്ങള്‍ പോകൂ! നിങ്ങളെല്ലാം സ്വതന്ത്രരാണ്."
***************

Mar 23, 2010

പാകിസ്താനുമായും ആണവക്കരാറിന് യു.എസ്. നീക്കം: ആര്‍ക്കാണ് ആശങ്ക ..?

വാഷിങ്ടണ്‍/ഇസ്‌ലാമാബാദ്: ഇന്ത്യയ്ക്ക് ആശങ്ക സമ്മാനിച്ചുകൊണ്ട്, അമേരിക്ക പാകിസ്താനുമായും സൈനികേതര ആണവക്കരാറിനൊരുങ്ങുന്നു.

ആണവക്കരാറിനെ ഇന്ത്യയുമായുള്ള ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലായാണ് അമേരിക്ക വിശേഷിപ്പിച്ചിരുന്നത്. ഈ നിലപാടില്‍നിന്നും പിന്നാക്കം പോയി പാകിസ്താനുമായും കരാറുണ്ടാക്കുന്ന കാര്യം അമേരിക്ക പരിഗണിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഇറാനില്‍നിന്നു പ്രകൃതിവാതകം കൊണ്ടുവരാനുള്ള കരാറില്‍ പാകിസ്താന്‍ ഒപ്പുവെച്ചതിനു പിന്നാലെയാണ് അമേരിക്ക ആണവക്കരാറിന്റെ കാര്യത്തില്‍ അനുകൂല സമീപനം സ്വീകരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

പാകിസ്താന്റെ ആണവ പദ്ധതികളുടെ ചരിത്രം പരിശോധിക്കണമെന്ന് വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ പറഞ്ഞിരുന്നു. ഇക്കാര്യം ശക്തമായി ഉന്നയിക്കുമെന്നും അമേരിക്ക കരാറിന് തയ്യാറാവില്ലെന്നുമാണ് പ്രതീക്ഷയെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ ഡല്‍ഹിയില്‍ പറഞ്ഞു.

-വാര്‍ത്ത

വാല്‍ക്കഷ്ണം: അവരുടെ പ്രതീക്ഷകള്‍ അവരെ രക്ഷപ്പെടുത്തട്ടെ, അല്ലെങ്കിലും ആണവാനുകൂലികള്‍ക്ക് ഒരാശങ്കയുമില്ല ..! കിട്ടേണ്ടത് കിട്ടിയല്ലോ ..!

Feb 23, 2010

സത്യനില്‍ നിന്നും മമ്മൂട്ടിയിലേക്കുള്ള ദൂരം ...!

സംവിധായകന്‍ ഒരു സമയം പറഞ്ഞാല്‍ അതിന്നു അഞ്ചു മിനിറ്റ് മുമ്പ് തന്നെ ലൊക്കേഷനില്‍ കൃത്യമായെത്തുന്ന സത്യന്‍,  ഏതെങ്കിലും ഒരു പടം പൊളിഞ്ഞാല്‍ അതിന്റെ കാരണങ്ങള്‍ നിര്‍മാതാവുമായി ചര്‍ച്ച ചെയ്തു കുറവുകള്‍ നീക്കാന്‍ ശ്രമിക്കുന്ന നിത്യ ഹരിതനായകന്‍ പ്രേം നസീര്‍ ...ഒരു സംവിധായകനുമായി ദുബായിലെ ഒരു എഫ്. എം റേഡിയോ നടത്തിയ അഭിമുഖത്തിലാണ് ഈ വിവരങ്ങള്‍ അറിഞ്ഞത്. അവരുടെ അര്‍പ്പണബോധത്തിന്റെ ഉദാത്ത മാതൃകകള്‍ വേറെയും കുറെ പറഞ്ഞു. മലയാള സിനിമയിലെ സൂപര്‍ താരങ്ങളെ കുറിച്ചൊന്നും പരാമര്‍ശിച്ചില്ലെങ്കിലും ഒന്നോ രണ്ടോ സിനിമയില്‍  മാത്രം മുഖം കാണിക്കുന്നതോടെ ജാഡകള്‍ കാണിക്കുന്ന പുതുമുഖതാരങ്ങളെ കുറിച്ച്സൂചിപ്പിച്ചു.

സിനിമാ രംഗത്തെ കുറിച്ച് വലിയ പിടിപാടൊന്നുമില്ലെങ്കിലും ഈ 'തിലകന്‍' വിഷയത്തില്‍ പലരും ജാഡകളെ കുറിച്ച് സംസാരിക്കുന്നു. സുകുമാര്‍ അഴീക്കോട്‌ അടക്കം. ഈ വിഷയത്തില്‍ ഒരു മധ്യസ്ഥത്തിന്നു തയ്യാറായ അദ്ദേഹത്തെ മോഹന്‍ലാല്‍ രൂക്ഷമായി വിമര്‍ശിച്ചു. 'അമ്മ'യും അഴീക്കോടും തമ്മില്‍  എന്തു ബന്ധം? മോഹന്‍ലാല്‍ ചോദിക്കുന്നു. ഒരു വകയിലൊരമ്മാമന്‍ പറഞ്ഞ ഫലിതമായിട്ടെ അദ്ദേഹത്തിന്നിത് തോന്നിയുള്ളൂവത്രേ .

തിലകന്‍ മമ്മൂട്ടിയെ അധിക്ഷേപിച്ചത് ശരിയായില്ല്ലെന്നും ലാല്‍.
"എന്നെ ഇത് വല്ലാതെ വേദനിപ്പിച്ചു.തിലകന്‍ വലിയ നടനാണ്. അത് തര്‍ക്കമില്ലാത്ത കാര്യവുമാണ്. അമ്മയും ഫെഫ്കയുമായി ബന്ധപ്പെട്ട് തിലകന് അഭിപ്രായ വ്യത്യാസമുണ്ടാകാം. എന്നാല്‍ അതൊന്നും മമ്മൂട്ടി എന്ന നടനെക്കുറിച്ച് അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിക്കുന്ന തലത്തിലേക്ക് വളരരുതായിരുന്നു. ഒരുപാട് ആരാധകരുള്ള നടനാണ് മമ്മൂട്ടി, അദ്ദേഹത്തെക്കുറിച്ച് നടത്തിയ മോശമായ പരാമര്‍ശങ്ങള്‍ ആരാധകരെ വേദനിപ്പിച്ചിട്ടുണ്ടാകാം." (മമ്മൂട്ടി ഫാന്‍സ്‌ അസോസിയേഷന്‍ തിലകന്റെ കോലം കത്തിച്ചതില്‍ അവരെ തെറ്റ് പറയാന്‍ പറ്റില്ലെന്ന് സാരം ..!)


തിലകനെന്നല്ല ആര് അച്ചടക്ക ലംഘനം നടത്തിയാലും ശിക്ഷാ നടപടി നേരിടേണ്ടി വരും എന്ന് ജഗതി. സൂപ്പര്‍ സ്റ്റാറുകള്‍ക്കും അത് ബാധകമാണ്. താരങ്ങളല്ല മറിച്ച് താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകളാണ് മലയാള സിനിമയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ജഗതി പറഞ്ഞു. ഫാന്‍സുകളുടെ അമിത ബഹളം മൂലം തീയേറ്ററുകളില്‍ സ്വസ്ഥമായി സിനിമ കാണാനാവാത്ത അവസ്ഥയാണ്. ഇവരെ നിലയ്ക്ക് നിര്‍ത്തേണ്ടത് സൂപ്പര്‍ സ്റ്റാറുകള്‍ തന്നെയാണെന്നും ജഗതി പറഞ്ഞു. മലയാള സിനിമയുടെ പ്രതിസന്ധി മുന്നില്‍ക്കണ്ട് സൂപ്പര്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാവണമെന്നും ജഗതി ആവശ്യപ്പെട്ടു.

ജാതി, മത, രാഷ്ട്രീയക്കാര്‍ഡുകളിറക്കി രംഗം കൊഴുപ്പിക്കുന്നുണ്ട്‌ പലരും. അകത്തളങ്ങളില്‍ എന്തോക്കൊയോ ചീഞ്ഞു നാറുന്നുണ്ട് ...

ഇവിടെയാണ്‌ യുവ സംവിധായകന്‍ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പ്രസക്തമാകുന്നത് എന്ന് തോന്നുന്നു. പണത്തിന്നു മുമ്പില്‍ അര്‍പ്പണബോധം അടിയറ വെക്കാതിരുന്ന പഴയ താരങ്ങള്‍... ഒരു സിനിമ സാമ്പത്തികമായി പരാജയപെട്ടപ്പോള്‍ അതേ നിര്‍മാതാവിന്റെ സിനിമയില്‍ സൌജന്യമായി അഭിനയിക്കാന്‍ തയ്യാറായ നിത്യഹരിത നായകന്‍ പ്രേം നസീര്‍ ...!

അതെ, സത്യനില്‍ നിന്നും പ്രേം നസീറില്‍ നിന്നുമൊക്കെ മമ്മൂട്ടിയിലെക്കും മോഹന്‍ലാലിലേക്കുമുള്ള ദൂരം കുറച്ചു കൂടുതലുണ്ടോ ?