തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജിലേക്കുള്ള യാത്രയില്‍ ട്രെയിനില്‍ വച്ചാണ് കോഴിക്കോട്ടുകാരി പ്രിയയെ ഞാന്‍ ആദ്യമായി പരിചയപ്പെടുന്നത്. ഡോ. എ.ജെ. ക്രോനിന്‍ എഴുതിയ ഒരു നോവല്‍ വായിച്ചു കൊണ്ടിരിക്കവേ അവളാണ് സംഭാഷണത്തിനു തുടക്കമിട്ടത്.
"ക്രോനിന്റെ കഥകള്‍ വായിക്കാറുണ്ടല്ലേ ..?"
"അങ്ങനെയൊന്നുമില്ല, ഇപ്രാവശ്യം ഇതാ ലൈബ്രറിയില്‍ നിന്നുമെടുത്തത്." ഞാന്‍ പറഞ്ഞു.
"അദ്ദേഹം എഴുതിയ വികലാംഗയായ ഒരു പെണ്‍കുട്ടിയുടെ കഥയുണ്ട് ഞങ്ങള്‍ക്ക് പഠിക്കാന്‍ ..."
"എനിക്കറിയാം, ഞങ്ങള്‍ക്കുണ്ടായിരുന്നു ..."
പട്ടണത്തിലെ ഒരു കടയില്‍ വില്‍പ്പനക്ക് വയ്ക്കാറുള്ള ആകര്‍ഷകമായ ഒരു പാവക്കുട്ടിയുടെ സൃഷ്ടാവായ വികലാംഗയായ ആ പെണ്‍കുട്ടിയെ കണ്ടെത്തുന്ന കഥ. കടയുടമയായ സ്ത്രീക്ക് ആ പെണ്‍കുട്ടിയുടെ കരവിരുത് വലിയ ഒരു സമ്പാദ്യ മാര്‍ഗമായിരുന്നു. അവരുടെ തടവറയിലകപ്പെട്ട പെണ്‍കുട്ടിയെ കുറിച്ചു പുറം ലോകം അറിയാതിരിയ്ക്കാന്‍ അവര്‍ ശ്രമിച്ചു. അവരുടെ ചലനങ്ങള്‍ സസൂക്ഷ്മം വീക്ഷിച്ചു. പക്ഷെ പാവ നിര്‍മ്മാണത്തിലൂടെ ആ പെണ്‍കുട്ടി ഒരുപാടു സന്തോഷം അനുഭവിച്ചിരുന്നു. പാവക്കുട്ടികളുടെ കണ്ണുകള്‍ക്ക് എപ്പോഴും നല്ല തിളക്കമുണ്ടായിരുന്നു.
"അവള്‍ ഉണ്ടാക്കിയ തിളങ്ങുന്ന കണ്ണുകളുള്ള പാവക്കുട്ടികള്‍ എത്രയോ ഉന്നതരുടെ ഷോകേസുകളില്‍ അവിടെ വരുന്നോരെ ഒക്കെ നോക്കി അങ്ങനെ ഇരിക്കുന്നുണ്ടാവുല്ലേ ...?"
എന്റെ ചോദ്യത്തിന് പ്രിയയില്‍ നിന്നും മറുപടിയായി 'അതെ' എന്നര്‍ത്ഥത്തിലുള്ള മൂളല്‍ കിട്ടാന്‍ കുറച്ചു സമയമെടുത്തു.
പിന്നെയും കുറെ കാര്യങ്ങള്‍ സംസാരിച്ചു. സേവനം തപസ്യയക്കിയ ഒരു ഡോക്ടര്‍ നല്കുന്ന ആശ്വാസ വചനങ്ങള്‍ അമിതമായ പരാശ്രയത്വം തളര്‍ത്തിയ ഒരു രോഗിയുടെ മനസ്സുകളില്‍ സൃഷ്ടടിക്കുന്ന അതിരറ്റ സന്തോഷം ...സമൂഹവും കുടുംബവും ഒറ്റപ്പെടുത്തുമ്പോഴും പിടിച്ചു നില്‍ക്കാനുതകുന്നത് അത്തരം വാക്കുകളിലൂടെയാണ്. പെണ്‍കുട്ടികളില്‍ പലപ്പോഴും അപകര്‍ഷതാബോധത്തിന്നു കാരണമായി തീരുന്നത് അവരോടുള്ള മാതാപിതാക്കളുടെ സമീപനം തന്നെയാണ്. എന്നാലും മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായ ഒരു തീരുമാനം എടുക്കാന്‍ എനിക്ക് കഴിയില്ല. അവര്‍ നമ്മുടെ നല്ലതിന് വേണ്ടിയല്ലേ ആഗ്രഹിക്കുള്ളൂ.
ഇടക്ക് ഞാന്‍ ചോദിച്ചു, "പ്രിയയ്ക്ക് .. വലുതായ ആരാവാനാ ആഗ്രഹം .."
പ്രത്യെകിച്ചൊരഗ്രഹവുമില്ലെന്ന മട്ടില്‍ കൈകള്‍ രണ്ടും മലര്‍ത്തി.
"പപ്പയ്ക്കും മമ്മയ്ക്കും ഞാന്‍ ഒരു കന്യാസ്ത്രീ ആവാനാ ഇഷ്ടം ..."
"നല്ലതല്ലേ, ഒരു പാടു സേവനം ചെയ്ത് പരിശുദ്ധകളായി ..."
എന്റെ ആ മറുപടി കേള്‍ക്കാത്തത് പോലെ അവള്‍ വിദൂരതയിലേക്ക് നോക്കിയിരുന്നു.
തൃശൂര്‍ എത്താറായപ്പോഴാണ്, പ്രിയ എവിടെയാണ് പഠിക്കുന്നതെന്ന് ചോദിച്ചത്.
അവള്‍ തൃശൂരില്‍ തന്നെ സ്ട്രിക്ട് ഡിസിപ്ലിന്‍ ഉള്ള ഒരു വനിതാ പ്രൈവറ്റ് കോളജിലാണ് പഠിക്കുന്നത്. ദൈവിക പഠനം അവിടെ നിര്‍ബന്ധമാണ്. എല്ലാ മതക്കാരെയും ചില പൊതുവായ ആശയങ്ങള്‍ പഠിപ്പിക്കുന്നു. അവരവരുടെ ചോയിസുകള്‍ നടക്കില്ല. വിദ്യാര്‍ത്ഥിനികള്‍ വഴി പിഴച്ചു പോവാതിരിക്കാന്‍ സജീവ ജാഗ്രത പുലര്‍ത്തുന്നു അധികൃതര്‍.
സാധാരണ കാമ്പസ് സംസാരങ്ങളില്‍ നിന്നും വ്യത്യസ്തമായി ചില കാര്യങ്ങള്‍ സംസാരിക്കാന്‍ ഇനിയും ഒരു പാടു ബാക്കിയുണ്ടായിരുന്നതിനാല്‍ പലപ്പോഴും വീണ്ടും ഞങ്ങള്‍ കണ്ടു മുട്ടി, പരസ്പര ബന്ധങ്ങളുടെ പവിത്രത കാത്തു സൂക്ഷിച്ചു കൊണ്ടു തന്നെ പല കാര്യങ്ങളും സംസാരിച്ചു. പ്രകൃതി നിയമങ്ങളെ കുറിച്ച്, പ്രകൃതി നിയമങ്ങളെ ലംഘിക്കുന്ന ദൈവിക നിയമങ്ങളെന്ന പേരില്‍ സ്വയം സൃഷ്ടിക്കുന്ന പൌരോഹിത്യ നിയമങ്ങളെ കുറിച്ച് ... അവളുറച്ച് വിശ്വസിച്ചിരുന്നു, ദൈവം ആണിനേയും പെണ്ണിനേയും സൃഷ്ടിച്ചത് പരസ്പരം ഇണകളായി കഴിയാന്‍ തന്നെയാണ്. പ്രീഡിഗ്രിക്കാരി പെണ്‍കുട്ടിയാണെങ്കിലും പ്രിയയ്ക്ക് വ്യക്തമായ ജീവിത വീക്ഷണമുണ്ടായിരുന്നു. ചിട്ടകള്‍ അടിച്ചേല്‍പ്പിക്കുന്നത് മാനസികമായി പീഡിപ്പിച്ചു കൊണ്ടല്ല. ... വേരെയാരോടും പറയില്ലെന്ന ഉറപ്പില്‍ പിന്നെയും കുറെ കാര്യങ്ങള്‍ ...
സമ്മര്‍ വെക്കേഷനു ശേഷം പിന്നെയൊരിക്കലും ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടില്ല. ഒരിക്കലും ...
വെളുത്ത നീളന്‍ കുപ്പായമിട്ട തിളങ്ങുന്ന കണ്ണുകളുള്ള ഒരു പാവക്കുട്ടി ...ആ ഒരു രൂപം മാത്രമെ ഇപ്പോള്‍ എന്റെ മനസ്സിലേക്ക് വരുന്നുള്ളൂ ...
5 അഭിപ്രായങ്ങള്‍:
നവാസ്,
തിളങ്ങുന്ന കണ്ണുകളുള്ള പാവക്കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നു.
പ്രസക്തമായ പോസ്റ്റ്. നരേഷനില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. അക്ഷരത്തെറ്റുകളും തിരുത്താന്‍ മനസ്സിരുത്തുക.
അഭിവാദ്യങ്ങളോടെ
നന്ദി രാജീവ്ജീ,
അതെ ...കുറച്ചു കൂടി ശ്രദ്ധ വേണ്ടതുണ്ട്. തയ്യാറെടുപ്പിന്റെ കുറവുമുണ്ട്.
സസ്നേഹം
-നവാസ്
വളരെ നല്ല പോസ്റ്റ്. അന്യരുടെ ഷോ കേസില്‍ ഇരിക്കാന്‍ വിധിക്കപെട്ട പാവകള്‍..
തിളങ്ങുന്ന ആ കണ്ണുകളിലെ ചാരുതയ്ക്ക് മങ്ങലേല്‍ക്കാതിരുന്നെങ്കില്‍...
നല്ല ശൈലി
നല്ല പോസ്റ്റിംഗ്... താങ്കളുടെ എഴുത്തുകള്‍ ചിന്തയുടെ മസ്തിഷ്കങ്ങളില്‍ ചലനമുണ്ടാക്കുന്നു... ഇന്നിന്‍റെ ഈ പൊള്ളുന്ന സത്യങ്ങള്‍ ഹൃദയത്തില്‍ നൊമ്പരമുയര്‍ത്തുന്നു... സമൂഹത്തിന്‍റെ പോക്കിനെ ഭയപ്പാടോടെ കാണുവാന്‍, ജാഗ്രത കാക്കുവാന്‍ തുണയാവുന്നു..
നന്ദി.. പ്രവാസത്തിന്റെ സഹജ വൈഷമങ്ങള്‍്കിടയില് ഈ പ്രയത്നം തുടരുക..
നിസാര്‍
Post a Comment