Aug 30, 2008

നമ്മളും മടങ്ങും ഈ ആറടി മണ്ണിലേക്ക്.

മരിച്ച കൊച്ചു മോള്‍ടെ മയ്യിത്ത്, സ്വന്തമായി ഖബര്‍ കിളച്ച് സംസ്കരിക്കാന്‍ ഖാദറിന്നൊരു പൂതി. പള്ളിയില്‍ ചെന്നു മുക്രിക്കയെ കണ്ടു ആഗ്രഹം പറഞ്ഞു. ഖത്തീബിന്റെ സമ്മതം വേണമെന്നു മുക്രിക്ക. അങ്ങനെയൊരു കീഴ്വഴക്കമില്ലെന്നും, അടുത്ത്‌ തന്നെ താമസിക്കുന്ന കമ്മറ്റി സെക്രട്ടറിയുടെ അനുവാദം കിട്ടിയാല്‍ തനിക്കും പ്രശ്നമില്ലെന്ന് ഖത്തീബ്. മാസ വരിസംഖ്യയില്‍ കുടിശ്ശികയുള്ളതിനാല്‍ പ്രസിഡന്റിന്റെ സമ്മതം കിട്ടണമത്രെ സെക്രട്ടറിയ്ക്ക്. പ്രസിഡന്റിനെ അന്വേഷിച്ച് അയാളുടെ വീട്ടിലേക്ക് നീങ്ങി. ഉസ്മാന്റെ ചായക്കടയില്‍ വച്ച് പ്രസിഡന്റിനെ കണ്ടു പ്രശ്നമവതരിപ്പിച്ചു.

കുറച്ചു ബുദ്ധിമുട്ടാണെന്ന് ...പ്രസിഡന്റ് വക പരാതികളുടെ ഒരു പട്ടിക, കഴിഞ്ഞ കമ്മറ്റി മീറ്റിംഗില്‍ പ്രസിഡന്റിനു എതിരെ ഖാദറിന്റെ ബാപ്പ സംസാരിച്ചു, മാസ വരിസംഖ്യ കുടിശ്ശിക...അങ്ങനെ നിരവധി. വേണമെങ്കില്‍ ആളെ വച്ച് തരാം.അതിനും നൂറു നിബന്ധനകള്‍ ...അവരുടെ സംഖ്യ മുന്‍‌കൂര്‍ അടക്കണം, തീര്‍ക്കാനുള്ളതെക്കെ തീര്‍ക്കണം, ബാപ്പ നേരിട്ട് വന്നു പറയണം ...

ആഗ്രഹങ്ങള്‍ തത്കാലം മനസ്സില്‍ വച്ച് വീട്ടിലേക്ക് മടങ്ങി.

വിടരും മുമ്പെ കൊഴിഞ്ഞ പുഷ്പത്തെ കാണാന്‍ വന്നവരുടെ തിരക്ക് വീട്ടില്‍. തുണിയും കസ്തൂരിയും മറ്റു വകകളും എടുത്തു വച്ചിരിക്കുന്നു. അന്ത്യകര്‍മ്മങ്ങള്‍ക്കു നേതൃത്വം കൊടുത്തു കൊണ്ട് ഹാജറത്ത. അകത്തു നിന്നും അടങ്ങാത്ത കരച്ചിലുകള്‍...കുളിപ്പിക്കാനായി എടുത്തപ്പോള്‍ 'കൊണ്ടു പോവരുതെ' എന്ന് വിളിച്ചു കരയുന്ന ഉമ്മ ...കാത്തിരുന്ന് കിട്ടിയ കനി ഇത്ര പെട്ടെന്ന് തിരിച്ചു കൊടുക്കേണ്ടി വരുമെന്ന് വിചാരിച്ചില്ല. വിയര്‍പ്പു കണങ്ങള്‍ നിറഞ്ഞ ഖാദറിന്റെ മുഖത്ത് കണ്ണീര്‍ ചാലുകള്‍ വേറെ തന്നെ കാണാം. കുളിയും മറ്റു കര്‍മ്മങ്ങളും കഴിഞ്ഞു, മയ്യിത്ത് കട്ടിലിന്റെ കവര്‍ നീക്കി ഉള്ളില്‍ കിടത്തി. അവസാന നോക്ക് കാണാന്‍ ഒരവസരം കൂടി.

സാത്വികനായ മമ്മി മുസ്ല്യാരുടെ ദുആ. വെള്ള ടവല്‍ തലയില്‍ കെട്ടി ഖാദര്‍ കട്ടിലിന്റെ മുന്‍ഭാഗം താങ്ങി‍. കുറച്ചു ചെറുപ്പക്കാര്‍ മറ്റു ഭാഗങ്ങളും. അകത്തു കരച്ചിലുകള്‍ കനത്തു. പള്ളി വളപ്പിലേക്ക് കടക്കുമ്പോള്‍ പ്രസിഡന്റും അനുയായികളും. പന്തികേട് തോന്നിയ രണ്ടു യുവാക്കള്‍, താങ്ങിയിരുന്ന ഭാഗം മറ്റുള്ളവരെ ഏല്‍പ്പിച്ച് പ്രസിഡന്റിന്റെ അടുത്തേക്ക് നീങ്ങി എന്തോ പറഞ്ഞു. 'പുരോഗമനക്കാര്‍ ചെക്കന്മാരുടെ' വാക്ക് കേട്ട് തല്‍കാലം അയാള്‍ ഉള്ളോട്ടു വലിഞ്ഞു. അടക്കി പിടിച്ച കോപത്തോടെ ...

ഖാദര്‍ നിസ്കാരത്തിന്നു നേതൃത്വം നല്കി, തൊണ്ടയിടറിയ തക്ബീറുകള്‍ ...തേങ്ങലാല്‍ അവസാനിപ്പിച്ച സലാം വീട്ടല്‍ ...വന്നവരില്‍ പെട്ടവര്‍ തന്നെ ഖബര്‍ കിളച്ചു. തലഭാഗം താങ്ങി പൊന്നു മോള്‍ടെ മയ്യിത്ത് ഖാദറും മറ്റുള്ളവരും കൂടി ഖബറിലിറക്കി. മൂന്ന് പിടി മണ്ണ് ഖബറിടത്തിലേക്കിട്ട് വന്നവര്‍ ഖാദറിന്നു സലാം പറഞ് പിരിഞ്ഞു. ആരോ ഒരാള്‍ ഒരു മയിലാഞ്ചി കൊമ്പ് ഖബറിടത്തില്‍ കുത്തി; ഇരുഭാഗങ്ങളിലും ചെറിയ രണ്ട് മീസാന്‍ കല്ലുകളും. ഖാദറും കുറച്ചു പേരും ബാക്കിയായി. കൈകളുയര്‍ത്തി ഖാദര്‍ പ്രാര്‍ത്‌ഥിച്ചു, 'നാഥാ, നാളെ നിന്റെ ജന്നാത്തുല്‍ ഫിര്‍ദൌസില്‍ എന്റെ പൊന്നു മോള്‍ടെ കൂടെ ഞങ്ങളെയും ........'

അപ്പോഴും കുറച്ചപ്പുറം പ്രസിഡന്റും 'പുരോഗമനക്കാര് ചെക്കന്മാരും' കടുത്ത വാക് തര്‍ക്കത്തിലായിരുന്നു.

വാല്‍ക്കഷ്ണം: സകല സമ്പാദ്യങ്ങളും, പത്രാസും, തറവാടും, കമ്മറ്റിയും, അധികാരവും, അനുയായികളും ....എല്ലാം ഉപേക്ഷിച്ച് നമ്മളും മടങ്ങും നാളെ, ഈ ആറടി മണ്ണിലേക്ക്. ..

റമദാന്‍ ആശംസകളോടെ - ഓപ്പണ്‍ തോട്സ് .

13 അഭിപ്രായങ്ങള്‍:

OpenThoughts said...

സകല സമ്പാദ്യങ്ങളും, പത്രാസും, തറവാടും, കമ്മറ്റിയും, അധികാരവും, അനുയായികളും ....എല്ലാം ഉപേക്ഷിച്ച് നമ്മളും മടങ്ങും ഈ ആറടി മണ്ണിലേക്ക്. ..

keralainside.net said...

ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ.

സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.

കൂടുതൽ വിവരങൾക്ക് ഇവിടെkeralainsideblogaggregator.blogspot.com
Thank You

anvar said...

very precise and effective use of words. Thoughts, of course worth more audience. go on... all the best!

Anas Erattupetta said...

Navas ikka,
Nice Posting.You are using the words very carefully.
Thanks

ഉമ്പാച്ചി said...

yes
open..

Rajeeve Chelanat said...

നവാസ്,

അല്‍പ്പദിവസം മുന്‍പ് പത്രത്തില്‍ ഒരു തീരെ ചെറിയ വാര്‍ത്ത വായിച്ചതോര്‍ക്കുന്നു. ഏകദേശം ഇതുപോലുള്ള ഒന്ന്. ഒരു ചെറിയ കുട്ടിയുടെ മയ്യത്ത് ഖബറടക്കാന്‍ വിസമ്മതിച്ച രണ്ട് പള്ളിക്കമ്മിറ്റികളെക്കുറിച്ച്. പന്തലൂരോ മറ്റോ. ഒടുവില്‍ മുന്‍സിപ്പാ‍ലിറ്റി അത് ഏറ്റെടുക്കുകയാണുണ്ടായതത്രെ.

രണ്ടാമതൊന്ന് ആലോചിക്കാന്‍ മറ്റൊന്നും കയ്യിലില്ലാതിരിക്കുകയും, പകരം, കയ്യില്‍ രണ്ട് ബോംബ് ഉണ്ടാ‍യിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോവുകയും ചെയ്ത ഒരു നിമിഷം.

ഇടവകകളിലും കരയോഗങ്ങളിലും, എസ്.എന്‍.ഡി.പി ശാഖകളിലും ഒക്കെ ഇന്ന് നിറഞ്ഞിരിക്കുകയാണ് , മൃതദേഹങ്ങളോടുപോലും കരുണ കാണിക്കാത്ത ഈ ജാതി ശവങ്ങള്‍.

വെറുതെയല്ല മനുഷ്യന്‍ ‘സിമി’യായിപ്പോകുന്നത്.

അഭിവാദ്യങ്ങളോടെ

OpenThoughts said...

രാജീവ്ജീ,
പരിപാവനമായ പള്ളിയില്‍ ചോര ചിന്തിയ വാര്‍ത്ത, സത്യത്തില്‍ ആ ഒരു വേദനയില്‍ നിന്നാണ് ഈ പോസ്റ്റ് രൂപം കൊണ്ടത്.

സസ്നേഹം,
-നവാസ്

ahamed said...
This comment has been removed by the author.
ahamed said...

പ്രിയ നവാസ് സാഹിബ്, 'റമദാന്‍ കരീം'...
നന്നായി.. വല്ലാതെ ഉള്ളില്‍ തട്ടുന്നുണ്ട് എഴുത്തുകള്‍..
അധികാരത്തോടും അസത്യത്തോടും മനുഷ്യന്‍ വല്ലാതെ മമത കാട്ടുന്നു...ഇതൊക്കെ വെള്ളത്തിലെ കുമിള കണക്കെ എപ്പഴാ പൊട്ടിപ്പോകുക എന്നറിയാഞ്ഞിട്ടും.....
അനീതിയും വിദ്വേഷവും അണപൊട്ടി ഒഴുകുകയല്ലേ..
ആദ്യം കുറ്റവാളിയെ കണ്ടെത്തുകയും പിന്നെ തെളിവുകള്‍ നിര്‍മ്മിക്കുകയും ചെയ്യുന്ന ആധുനിക നീതി-ന്യായാലയങ്ങള്‍ നാവില്ലാത്തവനെയും, അശക്തനെയും അവഗണിക്കുന്നു.. മാധ്യമങ്ങള്‍ ധര്‍മം മറന്നു അസത്യവാഹകരാവുന്നു.
നൂറു നൂറു നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നു..
'നിഷ്പക്ഷരായ' നാം കണ്ണുചിമ്മുന്നു..
ഇതൊന്നും നമ്മെ ബാധിക്കുന്നില്ലല്ലോ....

ഫസല്‍ / fazal said...

വിശ്വാസികളുടെ പ്രവര്‍ത്തനം അക്രമിക്ക് മാതൃകയാകണം, തിരിച്ചല്ല. നിര്‍ഭാഗ്യവശാല്‍ സംഭവിക്കുന്നതില്‍ മനം നൊന്തു പോകുന്നു.

നരിക്കുന്നൻ said...

വളരെ നല്ല എഴുത്ത്. ചെറുതെങ്കിലും മനസ്സില്‍ കൊളുത്തിവലിക്കുന്നു. നമ്മുടെ വിശ്വാസപ്രമാണങ്ങള്ക്കും, സ്വാതന്ത്ര്യങ്ങള്‍ക്കും ഇടയില്‍ എപ്പോഴാണ്‍ ഈ പള്ളിക്കമ്മിറ്റി എന്ന വര്‍ഗ്ഗം കേറിവന്നത്? വിശ്വാസത്തെക്കുറിച്ചും മതത്തെക്കുറിച്ചും വിവരമില്ലാത്തവര്‍ നേതാക്കളാകുമ്പോള്‍ സംഭവിക്കുന്ന സ്വാഭാവികമായ പ്രശ്നങ്ങള്‍ മാത്രമാണോ ഇത്.

OpenThoughts said...

നരിക്കുന്നന്‍,
ഈ ദുര്യോഗത്തിന്റെ ചെറിയ ഒരു അവസ്ഥ മാത്രമാണ് അവതരിപ്പിച്ചത് ...യാഥാര്ത്യങ്ങള്‍ അതീവ ഗുരുതരമാണ്. കാണുന്നതും കേള്‍ക്കുന്നതുമെല്ലാം ...ഈ മീഡിയ ഉപയോഗിച്ചു ചെറിയ തോതില്‍ വികാരം പ്രകടിപ്പിക്കാന്‍ മാത്രമെ നമുക്കു കഴിയൂ.

എന്തായാലും നല്ല വാക്കുകള്‍ക്ക് നന്ദി.

സസ്നേഹം,
നവാസ്

Anees P A said...

Dear Navaska,

ipozhanu njan navaskaude blog kanunnath..... Valare hridyamayi ezhutuyitund... kooduthal pratheekshikunnu

www.hai-anees.blogspot.com