നിങ്ങള്‍ അയച്ച കത്ത് വായിച്ചു. വായിച്ചപ്പോ ഒരു വിഷമവും തോന്നിയില്ല, ഉടനെ തന്നെ മറുപടി അയക്കുന്നു, പെട്ടെന്നയച്ചില്ലെങ്കില് നിങ്ങള്‍ പറയും, ഒരു കത്തെഴുതുവാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലാ എനിക്കെന്ന് ..അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഇവിടെ എനിക്കൊരു പ്രശ്നവുമില്ല, അല്ഹമ്ദുലില്ലാ ...
നിങ്ങള്‍ പറഞ്ഞ കഴുകന്മാരെ ഞാന്‍ കണ്ടത് നാട്ടിലേക്ക് വരുമ്പോഴാണ്. അധ്വാനത്തിന്റെ വിയര്‍പ്പു നാറ്റം ഒഴിവാക്കാന്‍ പൂശിയ സ്പ്രേയും നാട്ടിലേക്ക് വരുമ്പോ മാത്രമിടുന്ന പുത്തന്‍ കുപ്പായവും കണ്ടു ആള് വല്ല്യ സുജായീന്നു വിചാരിച്ചു കൂടെ കൂടിയ കഴുകന്മാര് ..വിമാനക്കമ്പനിയുടെ ലേബലില്‍, മൊബൈല്‍ കമ്പനിക്കാരുടെ ലേബലില്‍, റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ ലേബലില്‍ ...അങ്ങനെ നാടന്‍ കഴുകന്മാര് ... !
നിവൃത്തികേടല്ല, ഒരൊളിച്ചോട്ടം തന്നെയായിരുന്നു. നിങ്ങള്‍ നാട്ടില്‍ ഒരോട്ടോറിക്ഷ ഓടിച്ചാല്‍ മതിയായിരുന്നല്ലോ ...നല്ല ചോദ്യം ..! ലോണെടുത്ത് ഓട്ടോറിക്ഷ വാങ്ങിച്ച് കടത്തില്‍ മുങ്ങിയാണ് ഇങ്ങോട്ട് വിമാനം കയറിയത് എന്ന കാര്യം നിങ്ങള്‍ക്കറിയുമോ. പലിശക്ക് പലിശ, പേപ്പര്‍ ശരിയാക്കാന്‍ കറങ്ങിയ കറക്കം, കാര്യം നേടാന്‍ കൊടുത്ത കൈക്കൂലി, അടവ് തെറ്റിയപ്പോ നോട്ടീസ്, പിന്നെ ഫസ്റ്റ് ക്ലാസ്സ് റോഡല്ലേ, നികുതി കൃത്ത്യായിട്ടു മേടിക്കുന്നുണ്ട്, എല്ലാം തിന്നു മുടിക്കുന്ന ഒരു വര്‍ഗ്ഗം, ഉദ്യോഗസ്ഥരും ..രാഷ്ട്രീയക്കാരും ...
ബാപ്പ ഒരു പാവം സാധാ പാര്‍ട്ടി നേതാവായിരുന്നതിനാല്‍, അത് വഴിയും ജോലിക്കായി കുറെ ശ്രമങ്ങള്‍, പക്ഷെ നേതാക്കളെ തൃപ്തി പെടുത്താനുള്ള വഹകളില്ലാത്ത പാവങ്ങള്‍ ഞങ്ങള്‍ ...
ഏതു കഴിവില്ലായ്മയെയാണ് നിങ്ങള്‍ പറ്റിപ്പോയ ഗതികേടെന്ന് നാമകരണം ചെയ്ത് കഴുത്തില്‍ ചുറ്റിയത്? ഏത് പ്രതിഭാസമാണ പിറന്നു വീണ മണ്ണില്‍ നിന്നും നിങ്ങളെ വിദൂരത്തേക്ക് തട്ടിത്തെറിപ്പിച്ചത്?
മറുപടി വ്യക്തമയിട്ടുണ്ടാകുമെന്നു വിചാരിക്കുന്നു. കൈക്കൂലിക്കാരേയും, സ്വാര്‍ഥരായ രാഷ്ട്രീയക്കാരുടെ കുതന്ത്രങ്ങളെയും, അടിയന്തിരത്തിന്നു പോലും കയ്യിട്ടു വാരുന്ന ചൂഷകരുടെയും, വട്ടിപ്പലിശക്കാരുടെയും, പിന്നെയോ ...വര്‍ഗീയ ഭ്രാന്തന്മാര്, മതത്തിന്റെ പേരില്‍ തമ്മിലടിപ്പിക്കുന്നവര്‍, അവരെയൊക്കെ ചെറുത്ത് ... കഴിവില്ലായ്മയല്ല, ഗതികേട് തന്നെ. സ്വസ്ഥത കിട്ടാന്‍ ചന്ദ്രനില്‍ പോകാന്‍ പറ്റൊങ്കില്‍ അവിടെയും പോകും.
പിറന്ന നാട്ടില്‍ നില്ക്കാന് പൂതിയില്ലാത്തോര് ആരാ ഉണ്ടാവാ. എന്നിട്ടും നമ്മടെ ബുദ്ധിയും കഴിവും മറ്റു രാജ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപെടുത്തേണ്ട ഒരവസ്ഥ എന്ത് കൊണ്ട് വന്നു ??? രോഗിയായ ഉമ്മക്ക് താങ്ങും തണലുമായും നില്‍ക്കാനും, ബാപ്പാന്റെ മയ്യത്തു നമസ്കാരത്തിനു ഇമാമത്തു നില്‍ക്കാനും ... എല്ലാത്തിനും പൂതിയുണ്ട്, നാടിന്റെ പച്ചപ്പും, കവുങ്ങും തോട്ടവും, മഴയും, വിഷുപ്പാടവും, പീടിക കോലായിലിരുന്നു സ്വറ പറച്ചിലും, നിഷ്കളങ്കരായ നാട്ടുകാരും, എല്ലാം മനസ്സില്‍ വരാറുണ്ട്. പക്ഷെ കെട്ടിച്ചയക്കാനുള്ള പെങ്ങന്മ്മാരുടെ മുഖം മനസ്സില്‍ വരുമ്പോ, പൊളിഞ്ഞുത്തൂങ്ങിയ വീട്ടിന്റെ മുന്‍ഭാഗത്തെ പട്ടിക കഷ്ണങ്ങള്ടെ രൂപം മനസ്സില്‍ വരുമ്പോ, ഈ മരുഭൂമിയിലെ ചൂടൊക്കെ മറക്കും. ബര്‍ക്കത്തുള്ള മണ്ണായി തോന്നും..!! എത്രയോ ഉമ്മമാരുടെ പ്രാര്‍ഥനകള്‍... മറക്കാന്‍ പറ്റോ നമ്മക്ക്.
പലപ്പോഴും ഇവിടെ ചെയ്യുന്ന പണിയില്‍ അഭിമാനമേ തൊന്നിയിട്ടൊള്ളൂ, പേപര്‍ ശരിയാക്കാന്‍ ആരുടെ കാലും പിടിക്കേണ്ടി വന്നിട്ടില്ല, നൂറു തവണ ആപ്പീസുകളിലേക്ക് കയറിയിറങ്ങി വിയര്‍ക്കേണ്ടി വന്നിട്ടില്ല, വണ്ടി ഓടിക്കുന്നതിന്നിടയില്‍ പോലീസിന്റെ തെറി കേള്‍ക്കേണ്ടി വന്നിട്ടില്ല ...
എന്തൊക്കെയായാലും ബാബു ഭരദ്വാജ് 'പ്രവാസികളുടെ ഡയറിക്കുറിപ്പുകളില്‍' പറഞ്ഞത് പോലെ 'പ്രവാസ ജീവിതം നല്കിയ ഏതൊരൈശ്വര്യത്തിലും നന്ദിയുള്ളതോടൊപ്പം തന്നെ അടുത്ത തലമുറയില്‍ പെട്ടവരെങ്കിലും പ്രവാസിയാകരുതേ, എന്നാണ് ആത്മാര്‍ഥമായ പ്രാര്‍ത്ഥന ..!'
അറബിക്കഥയിലെ മുകുന്ദനെ പോലെ നാടിലേക്ക് വരാനും സ്ഥിരമായി അവിടെ കൂടാനും ആഗ്രഹമുണ്ടെങ്കിലും, അതിന് കഴിയാത്തതിന്റെ കാരണം ...? ഉത്തരം കണ്ടെത്തുവാനുള്ള ബാധ്യത എനിക്കെന്ന പോലെ നിങ്ങള്‍ക്കുമില്ലേ.
ഒരു പാടു പ്രാര്‍ഥനയോടെ,
- ഒരു പാവം ഹൌസ് ഡ്രൈവര്‍