സേവനം തപസ്യയാക്കിയ സുഹൃത്തിന്റെ കൂടെ ഗള്‍ഫിലെ ഒരു വനിതാ ജയില്‍ സന്ദര്‍ശിച്ചപ്പോള്‍ കണ്ടത് മനസ്സിനെ വേദനിപ്പിച്ചു. റോസ് നിറത്തില്‍ ജയില്‍ വസ്ത്രമണിഞ്ഞ ചെറുപ്പക്കാരി തടവുകാരി, അനുവദിക്കപ്പെട്ട സന്ദര്‍ശന സമയം കഴിഞ്ഞപ്പോള്‍ കൊച്ചു മോളെ തിരിച്ച് ബന്ധുക്കള്‍ക്ക് കൊടുക്കുന്ന കാഴ്ച. രണ്ടു വയസ്സ് തോന്നിക്കും കൊച്ചിന്. ഉമ്മ തിന്നാന്‍ കൊടുത്ത ചോക്ലേറ്റ് കഴിച്ചി റക്കിയിട്ടില്ല. കണ്ണീരിനൊപ്പം ചുണ്ടുകള്ക്കിരുവശത്തു കൂടി ചോക്ലേറ്റ് നീരും ഒലിച്ചിറങ്ങുന്നു. ബന്ധുവിന്റെ ഒക്കത്തിരുന്നു റ്റാറ്റാ പറഞ്ഞു നീങ്ങുന്ന കുഞ്ഞിനെ തട്ടം കൊണ്ട് മുഖം തുടച്ച് നോക്കി നില്ക്കുന്നു ഉമ്മ. കുറച്ചു കഴിഞ്ഞു വനിതാ ഗാര്‍ഡുകളുടെ കൂടെ തിരിച്ചു പോയി.
നിത്യസന്ദര്‍ശകനായ സുഹൃത്തിനെ ആദരവോടെ സ്വീകരിച്ചു ജയില്‍ സുപ്രണ്ട്. അവര്‍ തമ്മില്‍ അറബിയില്‍ കുറെ നേരം സംസാരിച്ചു. ജയില്‍ മോചനത്തിന്നു സാധ്യതയുള്ള കേസുകള്‍ അധികാരികളെ ബോധ്യപെടുത്തി മോചനം എളുപ്പമാക്കുക എന്ന ദൌത്യമാണ് സുഹൃത്ത് ഏറ്റെടുത്തിരിക്കുന്നത്. മാനുഷിക പരിഗണകളുടെ ഉദാത്ത സമീപനങ്ങളുടെ നിരവധി അനുഭവങ്ങള്‍ ...
കുറച്ചു മുമ്പ് കണ്ട കേസ് സുഹൃത്ത് എനിക്ക് വിവരിച്ചു തന്നു. കേസ് പെണ്‍വാണിഭം ...ഒരു റെയിഡില്‍ കയ്യോടെ പിടികൂടി ജയിലിലടച്ചതാണ്. വീട്ടു വിസയ്ക്ക് ഏജന്റ് കൊണ്ട് വന്നതാണ്, ഭര്‍ത്താവിന്റെ സമ്മതത്തോടെ. കൊച്ചു മകളും കൂടെ. എത്തിപെട്ടത് സെക്സ് റാക്കെറ്റിന്റെ വലയില്‍. ഏജെന്റും നടത്തിപ്പുകാരും എല്ലാം മലയാളികള്‍.
എന്തായാലും സുഹൃത്തിന്റെ ശ്രമഫലമായി അവര്‍ ജയില്‍ മോചിതയായി. മൊബൈലില്‍ സുഹൃത്തിനെ വിളിച്ച് നന്ദി രേഖപ്പെടുത്തി. ജീവിതം തിരിച്ചു നല്കിയതിന്ന്. അന്ന് തന്നെ നാട്ടിലേക്ക് വിമാനം കയറി. നാട്ടിലെത്തിയിട്ടും രണ്ട് മൂന്ന് പ്രാവശ്യം വിളിച്ചത്രേ ...മറക്കാന്‍ പറ്റുമോ ഈ ഉപകാരം. കൂലിപ്പണി എടുത്ത് കുടുംബം നോക്കിക്കോളാം, എന്നാലും ഇനി അവിടേക്കില്ല ..!
ഞങ്ങള്‍ ചര്‍ച്ച ചെയ്തു...അങ്ങിനെ എത്രെയെത്ര ഇരകള്‍...വഞ്ചിതരായി വലയില്‍ പെട്ടവര്‍ ...നിരപരാധികള്‍ ... പക്ഷെ എന്തൊരു ധൈര്യത്തിലാണ് അവരുടെ വേണ്ടപെട്ടവര് അവരെ കയറ്റി വിടുന്നത് ...! അതോ മൌനാനുവാദമോ ..? ഇടപെടുമ്പോള്‍ മനസ്സിലാകാറുണ്ട്, വല വിരിക്കുന്നവരില്‍ ബന്ധുക്കളും വേണ്ടപെട്ടവരും എല്ലമുണ്ടാകാറുണ്ട് ...!
ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ സ്ത്രീയുടെ കോള്‍ വീണ്ടും, ദുബായില്‍ നിന്ന് !...അവര്‍ തിരിച്ചു വന്നെത്രേ ..! നല്ലൊരു ജോലിയിലും കയറിയെന്ന് ..! മാനേജര്‍ പദവിയിലാണ്. സുഹൃത്ത് സന്തോഷിച്ചു. അവരെ അഭിനന്ദനങ്ങള്‍ അറിയിച്ചു. ഒരു പക്ഷെ നാട്ടില്‍ നിന്ന ആ കാലയളവില്‍ മിനക്കെട്ടു എന്തെങ്കിലും പഠിച്ചു കാണും...അല്ലെങ്കിലും സുഹൃത്ത് പറയാറുണ്ട് ...നല്ല തന്റെടമുള്ള സ്ത്രീയാണ്...അത്യാവശ്യം പഠിച്ച കൂട്ടത്തിലാണെന്നും. എന്തായാലും അവര്‍ രക്ഷപ്പെട്ടല്ലോ.
പിന്നീട് ഞങ്ങള്‍ കണ്ടെത്തി, അവരെത്തിയിരിക്കുന്നത് മാനേജര്‍ ആയി തന്നെയാണ്, പക്ഷെ ഒരു പെണ്‍വാണിഭ കേന്ദ്രത്തിന്റെയാണെന്ന് മാത്രം ...!
2 അഭിപ്രായങ്ങള്‍:
അങ്ങിനെ എത്രെയെത്ര ഇരകള്‍...വഞ്ചിതരായി വലയില്‍ പെട്ടവര്‍ ...നിരപരാധികള്‍ ... പക്ഷെ എന്തൊരു ധൈര്യത്തിലാണ് അവരുടെ വേണ്ടപെട്ടവര് അവരെ കയറ്റി വിടുന്നത് ...! അതോ മൌനാനുവാദമോ ..? ഇടപെടുമ്പോള്‍ മനസ്സിലാകാറുണ്ട്, വല വിരിക്കുന്നവരില്‍ ബന്ധുക്കളും വേണ്ടപെട്ടവരും എല്ലമുണ്ടാകാറുണ്ട് ...!
എല്ലാവരും മലയാളികള്‍....
അത് നമ്മെ അമ്പരപ്പിക്കുന്നില്ല. എന്നാല്‍, ഈ ചെളിയില്‍ കിടക്കുന്നത് സുഖമായി കണക്കാക്കുന്നവരുടെ എണ്ണം കൂടുന്നത് നമ്മെ ഭയപ്പെടുത്തുന്നു.
അതിന് കൂട്ടുനില്‍ക്കുന്നവരെ പിടികൂടി പോലീസിലേല്‍പ്പിക്കാന്‍ പ്രിയപ്പെട്ട പ്രവാസി സുഹൃത്തുക്കള്‍ക്ക് സാധിക്കും.
Post a Comment